Monday, 12 February, 2007

ജൂനിയര്‍ ചാത്തനും സീനിയര്‍ ചാത്തനും

ആയിരത്തി തൊള്ളായിരത്തി എമ്പതുകളുടെ ആരംഭത്തില്‍ എന്റെ വീട്ടിലെ മെമ്പര്‍മാരുടെ വിലനിലവാരപ്പട്ടികയില്‍ ഞാനും വളര്‍ത്തുനായ കൈസറും പോയിന്റ്‌ ഒന്നുമില്ലാതെ ഏറ്റവും അടിയില്‍കിടക്കുകയായിരുന്നു.

വീടിനുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന അപ്പച്ചന്‍ ഏറ്റവും ഉയര്‍ന്ന പോയിന്റോടുകൂടി ഒന്നാം സ്ഥാനത്തു നിന്നപ്പോള്‍, കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടേയും ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതല വഹിക്കുന്ന അമ്മ ഏതാനും പോയിന്റ്കളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത്‌ നിന്നു.

രാവിലേയും വൈകിട്ടുമായി പത്തു ലിറ്ററോളം പാലും ധാരാളം ചാണകവും തരുന്ന അമ്പിളിപ്പശു എതിരാളികളില്ലാതെ മൂന്നാം സ്ഥാനത്തുവന്നപ്പോള്‍ നാലാം സ്ഥാനത്തിനുവേണ്ടി എന്റെ വല്യേട്ടനും കറുമ്പിയാടും തമ്മില്‍ ഒരു പിടിവലി തന്നെ നടന്നു എന്നു പറയാം.

അടുത്തവീട്ടിലെ കുട്ടികള്‍ക്കു ട്യൂഷനെടുത്തു മാസം പതിനഞ്ചു രൂപയോളം സമ്പാദിക്കുന്ന വല്യേട്ടനെ, മാസം പതിനാറുരൂപയ്ക്കുള്ള പാലുചുരത്തിക്കൊണ്ടു കറുമ്പിയാട്‌ അഞ്ചാം സ്ഥാനത്തേയ്ക്കു പിന്തള്ളുകയാണുണ്ടായത്‌. (ആട്ടിങ്കാട്ടം റബര്‍ കൃഷിക്കാര്‍ ഇന്നത്തെപ്പോലെ വലിയ വിലയ്ക്കുവാങ്ങുന്ന ഏര്‍പ്പാട്‌ അന്നില്ലായിരുന്നു.... അല്ലെങ്കില്‍ ഒരു പക്ഷെ കറുമ്പിയാട്‌ എന്റെ അപ്പച്ചനേം വെട്ടിച്ചു ഒന്നാം സ്ഥാനത്തു നിന്നേനെ.)

ജനുവരിയില്‍ മുപ്പത്തൊന്ന് മുട്ടകളും ഫെബ്രുവരിയില്‍ ഇരുപത്തെട്ട്‌ മുട്ടകളും(ലീപിയറില്‍ ഒരു ബോണസ്‌ മുട്ടകൂടിചേര്‍ത്ത്‌ ഇരുപത്തി ഒമ്പത്‌ മുട്ടകളും) അങ്ങിനെ കൃത്യനിഷ്ടയോടെ മുട്ടകള്‍ പ്രൊഡ്യൂസ്ചെയ്ത്‌ ഏകദേശം ഒമ്പത്‌ രൂപയോളം മാസത്തില്‍ കൊണ്‍ട്രിബ്യൂട്ട്ചെയ്യുന്ന പുള്ളിപ്പിട ആറാം സ്ഥാനത്തും, ധാരാളം ചാണകമിട്ടു സഹകരിക്കുന്നതിനാലും ശരീരത്തിലെ ഇറച്ചിയുടെ മാര്‍ക്കറ്റ്‌ വാല്യൂ പരിഗണിച്ചും സായിപ്പുകുട്ടന്‍ എന്ന കാള ഏഴാം സ്ഥാനത്തും വന്നപ്പൊള്‍, എലിപിടുത്തത്തില്‍ എസ്പെര്‍ട്ടായ വല്‍സപ്പൂച്ച, മണീ കോണ്ട്രിബൂഷന്‍ ഒന്നും ഇല്ലെങ്കില്‍തന്നെയും ചെയ്യുന്ന സേവനത്തിന്റെ പ്രാധാന്യം ഒന്നുമാത്രം പരിഗണിച്ച്‌ എട്ടാം സ്ഥാനം കൊടുത്ത്‌ ആദരിക്കപ്പെട്ടു.

വീട്ടില്‍ അല്ലറ ചില്ലറ പണികളൊക്കെ ചെയ്യുന്ന കൊച്ചേട്ടനും കുഞ്ഞേച്ചിയും ഒമ്പതാം സ്ഥാനം പങ്കിട്ടപ്പോള്‍, പൂവന്‍ കോഴികളേയും അവരുടെ കൂടെ വെറുതെ സൊള്ളിനടക്കുന്ന, (ഇടയ്ക്കു ടയിംപാസ്സിനു വേണ്ടി മാത്രം ഓരോമുട്ടകളിടുന്ന) പിടക്കോഴികളേയും മൊത്തത്തില്‍ ഇറച്ചിവില മാത്രം പരിഗണിച്ച്‌ പത്താം റാങ്കില്‍പെടുത്തിയിട്ടു ടോപ്പ്‌ ടെന്‍ ലിസ്റ്റ്‌ അവിടെ അവസാനിപ്പിക്കുകയാണു.

വളര്‍ത്തുനായായ കൈസറും ഞാനും ലിസ്റ്റിനു പുറത്ത്‌.

പരിചയം ഉള്ളവരെകണ്ടാലും ഇല്ലാത്തവരെകണ്ടാലും ഒരേ താളത്തില്‍ വാലാട്ടിനില്‍ക്കുന്നതും, താനൊരു ശുനകനാണെന്നു നാട്ടുകാരെ ബോദ്ധ്യപ്പെടുത്താനായിട്ടെങ്കിലും ഒന്നുകുരയ്ക്കാത്തതും, നല്ലൊന്നാന്തരമൊരു പിടക്കോഴിയെ രാത്രി കുറുക്കന്‍ വന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പശുവിന്റെ പുല്ലുകൂട്ടില്‍ കിടന്നുറങ്ങിയതും... ബഹളം കേട്ട്‌ ആളുകള്‍ ഇറങ്ങിവന്നപ്പോള്‍ വെറുതേ വാലാട്ടിനിന്നതും... എല്ലാം കൈസറിനു വിനയായിത്തീര്‍ന്നു എന്നത്‌ മനസ്സിലാക്കാം......

പക്ഷേ എന്റെകാര്യമോ...........ഞാനെന്തുപിഴച്ചു........

കവലയിലെ ഏകദേശം എല്ലാ വീടുകളിലേയും സ്ഥിതി അക്കാലത്ത്‌ ഇങ്ങനെയൊക്കെതന്നെ ആയിരുന്നു. വീട്ടിലെ ഇളയ കുട്ടികള്‍ക്ക്‌ യാതൊരു മാര്‍ക്കറ്റ്‌ വാല്യുവും ഇല്ല. എന്തെങ്കിലും കാര്യങ്ങളില്‍ ഇനിഷ്യേറ്റീവാകാം എന്നുവച്ചാല്‍ വീട്ടില്‍ ആരും നമ്മളെ ഒരുകാര്യത്തിലും തൊടീക്കില്ല...എന്തോരും വളര്‍ന്നാലും കാര്യമില്ല... 'കൊച്ച്‌' എന്ന പരിഗണനയേ ലഭിക്കുകയൊള്ളു.


"അടുത്ത വീട്ടിലെ ആന്റപ്പനെ നോക്കിപ്പഠിക്കെടാ....നിന്റെയൊക്കെപ്രായമല്ലേ...അവന്‍ കണ്ടം കിളക്കും, എരുമയെ കുളിപ്പിക്കും, വീട്ടിലെ പണികളെല്ലാം ചെയ്യും...അതിനിടയില്‍ പഠിക്കാനും പോകും...‌" എന്നു അപ്പച്ചന്‍ ഉപദേശിക്കുമ്പോള്‍,

"അതുമാത്രമോ...ഈ പഞ്ചായത്തില്‍ എവിടെയെങ്കിലും ഒരു തേങ്ങയോ മാങ്ങയോ പൊഴിഞ്ഞാല്‍ അതവന്റെ വീട്ടിലെത്തിക്കും...ഇവിടെയോ...സ്വന്തം വളപ്പില്‍ പൊഴിയുന്നതുപോലും കരക്കാര്‍ കൊണ്ടുപോകും....എന്തിനുകൊള്ളാമിവനെ...അടുക്കളയില്‍ എന്തെങ്കിലും വേവിച്ചുവെച്ചാല്‍ പാത്രം കാലിയാക്കിത്തരാനറിയാം" ഇതായിരുന്നു അമ്മയുടെ അഭിപ്രായം.

കൈസര്‍ ഉറക്കെ രണ്ടു കുരകുരച്ചാല്‍ വീട്ടില്‍ അവനും പ്രമോഷനായി എന്നിലും ഉയര്‍ന്ന റാങ്കില്‍ കയറാനിടയുള്ളതിനാല്‍, എന്റെ കഴിവു മറ്റുള്ളവരുടെ മുമ്പില്‍ എത്രയും പെട്ടെന്നു തെളിയിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യണം എന്നത്‌ എന്റെ ഏറ്റവും വലിയ ഒരാവശ്യമായി മാറി.

ഈ ഒരേ ഒരാവശ്യം മുന്‍നിര്‍ത്തിയാണു ഞാന്‍ രണ്ടരക്കിലോയോളം തൂക്കവും, വീട്ടിലെ റാങ്ക്‌ ലിസ്റ്റില്‍ എന്നിലും ഉയരത്തില്‍ നിന്നവനുമായ കോഴിപ്പൂവനെ വല്‍സമ്മ ടീച്ചറിനു ഇരുപത്തിയഞ്ചു രൂപക്കു കച്ചവടമുറപ്പിച്ചത്‌.

ഇറച്ചിക്കാരന്‍ അലിമാമാ വന്നു തലേ ദിവസം ഇരുപത്തിരണ്ടു രൂപ വിലപറഞ്ഞിട്ടും, ഇരുപത്തിയഞ്ച്‌ തികച്ചു തരാതെ കോഴിയേത്തരില്ല എന്ന് അമ്മ പറഞ്ഞത്‌ ഞാന്‍ കേട്ടിരുന്നു.

"ഇരുപത്തി രണ്ടു രൂപയില്‍ ഒരു പൈസ അധികം ഈ കോഴിക്കു ഒരാളും തരില്ല ...ഇതിവിടെ വില്‍ക്കാച്ചരക്കായി നിന്ന് മൂത്ത്‌ മുരടിച്ചു കുറുക്കന്‍പോലും ഉപേക്ഷിച്ച്‌,.. കടിച്ചാല്‍ മുറിയാതാവുമ്പോള്‍ നിങ്ങള്‍ത്തന്നെ വേവിച്ചു തിന്നേണ്ടിവരും.." എന്നു ശപിച്ചുകൊണ്ടാണു ഇറച്ചിക്കാരന്‍ അലിമാമ അന്നു പടിയിറങ്ങിപ്പോയത്‌.

"മൂന്നുരൂപ കുറവായാലും കൊടുത്തേക്കാന്‍ മേലാരുന്നോടീ..." എന്നു അപ്പച്ചന്‍ വൈകുന്നേരം ജോലികഴിഞ്ഞു വന്നപ്പോള്‍ അമ്മയൊടു ചോദിക്കുകയും ഉണ്ടായി.

ഈ അവസരത്തില്‍ വല്‍സമ്മ ടീച്ചറുമായി ഞാനുറപ്പിച്ച കച്ചവടം, സ്ഥിരമായി കോഴികളെ വിലകുറച്ചു വാങ്ങുന്ന അലിമാമയുടെ കുത്തക പൊളിക്കാനും, മൂന്നു രൂപയോളം ലാഭം (ഞാന്‍ വഴിയായി) വീട്ടുകാര്‍ക്ക്‌ ഉണ്ടാകാനും മാത്രമല്ല...പിന്നെയൊ ഞാന്‍ വെറും 'ഉണ്ണാക്കന്‍' അല്ലായെന്നു മറ്റുള്ളവരുടെ മുമ്പില്‍ തെളിയിക്കാനും - അതുവഴി അടുത്ത റാങ്‌ക്‍ലിസ്റ്റില്‍ പത്താം സ്ഥാനത്തെങ്കിലും കയറിപ്പറ്റാനുള്ള എന്റെ ശ്രമത്തിന്റെ ഭാഗവുമായിരുന്നു.

വല്‍സമ്മ ടീച്ചറിനും ഈ കച്ചവടം ഒരു നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിരുന്ന കെട്ട്യോന്റെ വീട്ടുകാരുമായുള്ള ബന്ദം പുനസ്ഥാപിക്കാനായി പണിയുന്ന പാമ്പന്‍ പാലത്തിനു ഉറപ്പേകുന്ന പിന്‍ബലം നല്‍കാനാണു ശങ്കര്‍ സിമന്റിനുപകരം ഒരു കോഴിപ്പൂവനെ കറിയായി ഉപയോഗിക്കാം എന്നു ടീച്ചര്‍ തീരുമാനിച്ചത്‌.

മിനിമം രണ്ടരക്കിലോയെങ്കിലും തൂക്കമുള്ള ഒരു കോഴിയെ പിറ്റേന്നു രാവിലെ ഒമ്പതു മണിക്കുമുമ്പായി ടീച്ചറിന്റെ വീട്ടില്‍ എത്തിക്കണം എന്ന വ്യവസ്ഥ്‌യില്‍ അഡ്വാന്‍സായി ഇരുപത്തിയഞ്ച്‌ രൂപ കോഴിയുടെ വിലയും ഒരു രൂപ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജും ചേര്‍ത്ത്‌ ഇരുപത്തിയാറു രൂപ ഞാന്‍ കൈപ്പറ്റി.

ഒരു രൂപയ്ക്ക്‌ അന്നു തന്നെ ഒരു വാട്ടര്‍കളര്‍ബോക്സ്‌ വാങ്ങി. ബാക്കി പണം അമ്മയുടെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ അഭിമാനത്താല്‍ ഹൃദയം തുടിക്കുകയായിരുന്നു.

പിറ്റേന്നു പതിവിലും നേരത്തെ ഉണര്‍ന്നു. അമ്മയുടെ സഹായത്താല്‍ കോഴിച്ചാത്തനെ പിടിച്ച്‌ ചാക്കുനൂലാല്‍ കാലുകള്‍ ബന്തിച്ചു. വേളാങ്കണ്ണി മാതാവിന്റെ പടം ഒരുവശത്തും തമിഴില്‍ എന്തൊക്കെയോ മറുവശത്തും പ്രിന്റുചെയ്ത ഒരു തുണി സഞ്ചിയില്‍ കോഴിയെ ഇരുത്തി, ഒരുകയ്യില്‍ പുസ്ഥക സഞ്ചിയും മറുകയ്യില്‍ കോഴിസഞ്ചിയുമായി ഞാന്‍ വീട്ടില്‍നിന്നുമിറങ്ങി.

ഇനി ഏതെങ്കിലും ടീച്ചര്‍മാര്‍ക്ക്‌, കോഴിയെ മാത്രമല്ല ആടിനെയോ കാളയെയൊ ആവശ്യമുണ്ടെങ്കില്‍ പോലും എന്നൊടു പറഞ്ഞാല്‍ മതിയെന്നു വല്‍സമ്മ ടീച്ചറിനോടു പറയണം‌. ഒരു വലിയ കച്ചവടക്കാരനായി മാറുന്നതും, വീട്ടില്‍, 'ദേ..ഇളയവനെക്കണ്ട്‌ പഠിക്കെടാ' എന്നു അമ്മയും അപ്പച്ചനും ചേട്ടന്മാരോടു പറയുന്നതും ഞാന്‍ സ്വപ്നം കണ്ടു.

ചുള്ളന്‍ നായരുടെ വീടിനടുത്തെത്തിയപ്പോള്‍ ഞാന്‍ കൈ ഒന്നു മാറിപ്പിടിക്കാനാണെന്നു തോന്നുന്നു, കോഴിസഞ്ചി താഴെവച്ചു. പൂവന്‍ കോഴി പിടക്കോഴി ആകുമെന്നു സ്വപ്നത്തില്‍പോലും ഞാന്‍ ഓര്‍ത്തില്ല. പൂവന്‍ രണ്ടു പിട...ദേ കിടക്കണു സഞ്ചിക്ക്‌ വെളിയില്‍.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. റോട്ടില്‍നിന്നും അവന്‍ ഒരു കുതിപ്പിനു ചുള്ളന്‍ നായരുടെ വേലി കടന്നു പിന്നെ ഒരു ചാട്ടത്തിനു ആദ്യത്തെ കയ്യാലയും കടന്നു... എന്റെ സ്വപ്നങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട്‌ ചാത്തന്‍ കോഴി ചുള്ളന്‍ നായരുടെ വീടിന്റെ ഡയറക്ഷനില്‍ മുന്നേറുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്നു പോയി.

തുണി സഞ്ചിയിലെ മാതാവിനോട്‌ എന്നാലും ഈ ചതി എന്നൊടു ചെയ്തല്ലോ എന്നു പറഞ്ഞു തീരുന്നതിനുമുമ്പെ മാതാവ്‌ അയച്ചു തന്നതു പോലെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ആന്റോ അവിടെ എത്തി.
ആന്റോയുടെ ഐഡിയപ്രകാരം ഞങ്ങള്‍ രണ്ടാളും വേലിചാടി കോഴിയുടെ പുറകെ ഓടാന്‍ തുടങ്ങി.

കൂനിന്മേ കുരു അതിനു പുറത്തൊരു കൊതു...എന്നു പണ്ടാരാണ്ടു പറഞ്ഞപോലെ നായരുടെ പട്ടി കേസേറ്റെടുത്തു. പട്ടിയെങ്ങാനും വന്നു കോഴിയെ പിടിച്ചാല്‍ പിന്നെ രണ്ടരക്കിലോ പോയിട്ടു രണ്ടര ഗ്രാം പോലും ബാക്കി കിട്ടില്ല ..അതാണു ഇനം.

പട്ടി കുരച്ചോണ്ടു പാഞ്ഞുവന്നു കോഴിയെ പിടിച്ചു പിടിച്ചില്ല എന്നായപ്പോള്‍ കാലില്‍ കെട്ടിയ ചാക്കുനൂലും പൊട്ടിച്ചു കോഴി പറന്ന് നായരുടെ വീടിന്റെ മുകളില്‍പോയിരിപ്പായി. അവിടെ ഇരുന്നു ചിറകെല്ലാം കൂട്ടിത്തട്ടി വലിയ വായിലൊന്നു കൂകി ..."കൊക്കരക്കോ...കോാാ..."

പുരപ്പുറത്തിരുന്നു കോഴി എന്നേയും ആന്റോയേയും നായരുടെ പട്ടിയേയും കളിയാക്കി ചിരിക്കുന്നത്‌ പോലെ തോന്നി.

ബഹളം കേട്ടു ചുള്ളന്‍ നായരിറങ്ങിവന്നു. രണ്ടു ഓതറൈസ്‌ഡ്‌ ഭാര്യമാരും അനേകം അണ്‍ഓതറൈസ്‌ഡ്‌ ഭാര്യമാരും ഉള്ള നായര്‍ക്ക്‌ 'ചുള്ളന്‍' എന്ന പേര്‍ ആരുകൊടുത്തതാണെങ്കിലും ആ പേരിനു അതിലും യോഗ്യനായ ഒരാള്‍ ഞങ്ങളുടെ നാട്ടില്‍ അന്നു വേറെയില്ല.

കൊഴിയുടെ ചരിത്രം ചുരുക്കത്തില്‍ ഞാന്‍ നായരെ ധരിപ്പിച്ചു. ഒമ്പതു മണിക്കുമുമ്പെ കോഴിയെ ടീച്ചറിന്റെ വീട്ടില്‍ എത്തിച്ചില്ലങ്കില്‍ ഒരുപക്ഷെ അമ്മായിയമ്മയും മരുമകളും ഈ ജന്മത്തില്‍ ഒന്നിച്ചുപോയില്ല എന്നു വരും. മാത്രമല്ല വലിയ ചതിചെയ്ത എന്റെ പരീക്ഷാ പേപ്പറില്‍ പിടക്കോഴി ചെയ്യുന്ന പണിചെയ്തുവയ്ക്കാനും ടീച്ചര്‍ മടിച്ചെന്നു വരില്ല.

കോഴിയുടെ മനശാസ്ത്രം നന്നായി അറിയാവുന്ന നായര്‍ പറഞ്ഞു. "പുരപ്പുറത്തിരിക്കുന്ന കോഴിയെ പിടിക്കുവാന്‍ ഒട്ടും എളുപ്പമല്ല...അതിനാല്‍ കോഴിയെ താഴത്തിറക്കണം..."
"അതിനു നമ്മള്‍ താഴെനിന്നു വിളിച്ചാല്‍ അവനിറങ്ങി വരുമോ?.. ഇല്ലേ ഇല്ല..."

"പിന്നെ എന്തു ചെയ്യും?"...ഞങ്ങള്‍ ചോദിച്ചു.

"പെണ്ണുങ്ങളെ ഇറക്കണം...." എന്നു പറഞ്ഞു നായര്‍ നായരുടെ വീട്ടിലെ പിടക്കോഴികളെ കൂടുതുറന്നു വിട്ടു.

പല പ്രായക്കാര്‍ പല വേഷക്കാര്‍ പല പല ഇനങ്ങളില്‍പ്പെട്ട കോഴിസുന്ദരികള്‍ താഴെ പല ആംഗിളില്‍ നിന്നു വശീകരിച്ചിട്ടും ഞങ്ങടെ പൂവന്‍ വീണില്ല. ഇത്രയും സെല്‍ഫ്‌ കണ്ട്രോളുള്ള ഒരു പൂവനെ ഞാന്‍ ആദ്യമായാ കാണുന്നതെന്നു പറഞ്ഞു ചുള്ളന്‍ നായര്‍ സുല്ലിട്ടു.

എന്റെ പ്രശ്നം പരിഹരിക്കപ്പെടാതെ പുരപ്പുറത്ത്‌ സ്ഥിര താമസമാക്കനുള്ള പുറപ്പാടു കണ്ടപ്പോള്‍ നായരെനിക്കു ഒരു പകരക്കാരനെ പിടിച്ചു തരാമെന്നേറ്റു. രണ്ടര കിലോ നെറ്റ്‌ വെയ്റ്റുള്ള എന്റെ കോഴിക്കു പകരം നായര്‍ പിടിച്ചു തന്നകോഴി പപ്പും തൂവലും കാലില്‍ ഉണങ്ങിപ്പിടിച്ചിരുന്ന നൂറു ഗ്രാം ചാണകവും ഉള്‍പ്പെടെ തൊള്ളായിരം ഗ്രാമില്‍ ഒട്ടും കൂടില്ല.

എന്റെ ഗതികേടുകൊണ്ട്‌ ഞാന്‍ ആ ജൂനിയര്‍ ചാത്തനേയും കൊണ്ട്‌ വല്‍സമ്മ ടീച്ചറിന്റെ വീട്ടിലെക്കു പാഞ്ഞു.

ഞാന്‍ ഓടിപ്പിടഞ്ഞു ചെന്നപ്പോളേക്കും അരമണിക്കൂറോളം വൈകിയിരുന്നു. കോഴിക്കറിക്കുള്ള ഗ്രേവി ഒക്കെ തയ്യാറാക്കി ടീച്ചര്‍ കലിതുള്ളി ഇരിക്കുകയാണു...തമിഴന്‍ സഞ്ചിയില്‍ നിന്നും ഞാന്‍ തൊള്ളായിരം ഗ്രാമിന്റെ ജൂനിയര്‍ ചാത്തനെ എടുത്തു പൊക്കിയപ്പോള്‍ ടീച്ചര്‍ എന്നെ ഒരു നോട്ടം നോക്കി....

കീരിക്കാടന്‍ ജോസിനെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞയച്ച സഹ സംവിധായകന്‍ ഇന്ദ്രന്‍സിനെ വിളിച്ചുകൊണ്ടുവന്നാല്‍ സംവിധായകന്‍ എങ്ങിനെ നോക്കും..അതേ നോട്ടം.

അപ്പോള്‍ ടീച്ചറിന്റെ ഭര്‍ത്താവ്‌ ഇറങ്ങിവന്നു കോഴിയെകാണുകയും "ഇതെന്റെ വീട്ടുകാര്‍ക്കു മൂക്കിപ്പൊടീടെ കൂടെ ചേര്‍ത്തു വലിക്കാന്‍ പോലും തികയില്ല" എന്നു പറഞ്ഞിട്ടു തിരിച്ചു പോവുകയും ചെയ്തു.

അരക്കിലോയുള്ള കോഴിയെ രണ്ടരക്കിലോ എന്നു പറഞ്ഞു തന്നു വിട്ട നിന്റെ അപ്പനേം വിളിച്ചോണ്ടുവന്നിട്ടു ഇനി നീ ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നും, ഇരുപത്തിയാറു രൂപ മടക്കി കൊടുക്കണമെന്നും, ജൂനിയര്‍ ചാത്തനേം കൊണ്ട്‌ എത്രയും പെട്ടന്നു സ്ഥലം കാലിയാക്കണമെന്നും ടീച്ചര്‍ കല്‍പ്പിച്ചു...

വീട്ടില്‍ വന്നു സംഭവം പറഞ്ഞപ്പോള്‍ ഒരുകാര്യം ഉറപ്പായി....അടുത്ത റാങ്‌ക്‍ലിസ്റ്റില്‍ മൈനസ്സ്‌ പോയിന്റോടുകൂടി ഞാന്‍ കൈസറിനും താഴെ പോകും...

പിറ്റേന്ന് വീടുമുതല്‍ സ്കൂളുവരെ എന്നെ ശകാരിച്ചുകൊണ്ട്‌ അപ്പച്ചന്‍ വരികയും ഇരുപതിയഞ്ച്ചു രൂപ ടീച്ചറിനു തിരികെ കൊടുത്ത്‌ ഒരു സോറിയും പറഞ്ഞു തിരിച്ചുപോവുകയും ചെയ്തു.

ആ വര്‍ഷം ഞാന്‍ ആറാം ക്ലാസ്സില്‍ തോറ്റതും...പിറ്റേ വര്‍ഷം വല്‍സമ്മ ടീച്ചറും ഭര്‍ത്താവും തമ്മില്‍ ബന്തം പിരിഞ്ഞതും ആ നശിച്ച കോഴിച്ചാത്തന്മ്മാരു കാരണമാണെന്നു ഞാന്‍ ഇന്നും ഉറച്ച്‌ വിശ്വസിക്കുന്നു.

10 comments:

സുന്ദരന്‍ said...

ഒരു പതിനൊന്നു വയസ്സുകാരനു പുരയുടെ മുകളില്‍ കയറി രണ്ടരക്കിലോ തൂക്കമുള്ള ഒരു കോഴിച്ചാത്തനെ പിടിക്കാന്‍ കഴിയുമോ...കഴിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായേനെ ....ഒരുപാടു പ്രശ്നങ്ങള്‍ സോള്‍വുചെയ്യാമായിരുന്നു

പുതിയൊരു പോസ്റ്റ്മായി സുന്ദരന്‍

Nousher said...

സൂപ്പര്‍ ഡ്യൂപ്പര്‍..
ഇങ്ങിനെയൊക്കെയാണ്‌ റാങ്ക് ലിസ്റ്റ് ഉണ്ടാക്കുന്നത് ല്ലേ.. ഇപ്പഴല്ലെ നമ്മുടെയൊക്കെ ഉയര്‍ന്ന റാങ്കിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്. :(

G.manu said...

ഈ ജന്മത്തില്‍ ഒന്നിച്ചുപോയില്ല എന്നു വരും. മാത്രമല്ല വലിയ ചതിചെയ്ത എന്റെ പരീക്ഷാ പേപ്പറില്‍ പിടക്കോഴി ചെയ്യുന്ന പണിചെയ്തുവയ്ക്കാനും ടീച്ചര്‍ മടിച്ചെന്നു വരില്ല.

ithu kalakki sundaraaaaa
enthoru aathmakadha

സുല്‍ | Sul said...

സുന്ദരാ ഞാന്‍ പറഞ്ഞില്ലെ നീ സുന്ദരനല്ല അതിസുന്ദരനാണെന്ന്. അതിവിടെയും അടിവരയിട്ടാവര്‍ത്തിക്കുന്നു.

എന്തൊരു കീച്ചാ കീച്ചീര്ക്കുന്നെ.

“"പിന്നെ എന്തു ചെയ്യും?"...ഞങ്ങള്‍ ചോദിച്ചു.

"പെണ്ണുങ്ങളെ ഇറക്കണം...." എന്നു പറഞ്ഞു നായര്‍ നായരുടെ വീട്ടിലെ പിടക്കോഴികളെ കൂടുതുറന്നു വിട്ടു.“

ഐഡിയ കൊള്ളാം, ബട്ട് ചുള്ളന്‍ മാത്രം വീഴും ഇതില്‍. ഹെഹെഹെ

-സുല്‍

പ്രിയംവദ said...

സുന്ദരമായി എഴുതുന്നുണ്ടല്ലോ..എല്ലം നന്നായിട്ടുണ്ടു
qw_er_ty

അരീക്കോടന്‍ said...

കലക്കി സുന്ദരാ ഈ കോഴികച്ചവടം

kaithamullu - കൈതമുള്ള് said...

സുന്ദരനെ റാ‍ങ്കിടാ‍ന്‍ നിയോഗിക്കാന്‍ പറ്റാത്തതിനാലാകണം SSLC ക്ക് ഗ്രേഡാക്കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിച്ചത്.

ഉത്സവം said...

"(ആട്ടിങ്കാട്ടം റബര്‍ കൃഷിക്കാര്‍ ഇന്നത്തെപ്പോലെ വലിയ വിലയ്ക്കുവാങ്ങുന്ന ഏര്‍പ്പാട്‌ അന്നില്ലായിരുന്നു.... അല്ലെങ്കില്‍ ഒരു പക്ഷെ കറുമ്പിയാട്‌ എന്റെ അപ്പച്ചനേം വെട്ടിച്ചു ഒന്നാം സ്ഥാനത്തു നിന്നേനെ.)"
സുന്ദരോ ഇതും അലക്കിപ്പൊളിച്ചു..!

സുന്ദരന്‍ said...

കോഴിക്കഥ വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും പതിവുപോലെ സുന്ദരന്റെ നന്ദി...ഇനിയും സമയമുള്ളപ്പോള്‍ ഈ കവലയില്‍ വരണേ...

Siju | സിജു said...

കോഴിക്കഥ കലക്കി
റാങ്ക് ലിസ്റ്റ് അടിപൊളി