Saturday, 3 February, 2007

അപ്പൂപ്പന്റെ ഉപഷാപ്പ്‌

എന്റെ അമ്മ സാക്ഷാല്‍ വഴച്ചാലിക്കുഞ്ഞേലി കവലയിലെ അയല്‍ക്കൂട്ടം പെണ്ണുങ്ങളുടെ സെക്രട്ടറിയായി സ്ഥാനമേറ്റകാലത്ത്‌ പ്രസ്ഥുത പെണ്‍കൂട്ടം ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു.

കവലയിലെ ആണുങ്ങളെല്ലാം ഒരുകാലത്ത്‌ എല്ലുമുറിയെപണിയെടുക്കുന്നവരായിരുന്നു. അന്നവരുടെ വീട്ടിലെ പെണ്ണുങ്ങല്‍ക്കു പല്ലുമുറിയെ തിന്നുകയും ബാക്കിയുള്ളസമയത്ത്‌ പരദൂഷണം പറയുകയും മാത്രമേ പണിയുണ്ടായിരുന്നൊള്ളു. കുടപ്പനക്കുന്നൊ മധുമോഹനൊ ജനിച്ചിട്ടില്ലാത്ത കാലമായതിനാല്‍ സീരിയലുകല്‍ കാണുക എന്ന ഓവര്‍ടൈം ഡ്യൂട്ടി ആര്‍ക്കും ചെയ്യാനുണ്ടായിരുന്നില്ല.

ഞങ്ങളുടെ കവല എന്നും ഡീസന്റ്‌ കവലയാരിരുന്നു..പക്ഷെ അടുത്ത കവലയായ കല്ലാറുകൂട്ടിയില്‍ ഷാപ്പ്‌, ഉപഷാപ്പ്‌, അനധികൃത ഷാപ്പ്‌ എന്നിങ്ങനെയുള്ള അനവധി കുടിവെള്ളപദ്ധതികള്‍ ആരംഭിച്ചപ്പൊള്‍ ഞങ്ങളുടെ കവലയിലെ ആണുങ്ങള്‍ എല്ലുമുറിയെ പണിയെടുത്തു പള്ളനിറയെ അടിക്കുന്നവരായിമാറി.

ഇതിന്റെ അനന്തര ഫലമെന്നവണ്ണം കവലയിലെ വീടുകളില്‍ തീ പുകയാതാവുകയും കുട്ടികള്‍ ള്ളേ.. ള്ളേന്നു കരയുകയും പെണ്ണുങ്ങള്‍ സ്ലിം ബ്യൂട്ടികളാവുകയും ചെയ്തു.

പൊതുവേ ശിശുസഹചരായ ഞങ്ങളുടെ കവലയിലെ ആണുങ്ങള്‍ ഇനിഒരിക്കലും കുടിക്കില്ലയെന്നു സത്യംചെയ്ത്‌ രാവിലെ വീട്ടില്‍ നിന്നിറങ്ങുകയും ശിശുക്കളെപ്പോലെ നാലുകാലിലിഴഞ്ഞു രാത്രിയില്‍ വീട്ടില്‍വരുകയും ചെയ്തുപോന്നു.

കരച്ചിലും പിഴിച്ചിലും പ്രാത്ഥനയും നിസ്സഹകരണവും ഒന്നും ഈ നിഷ്കളങ്കന്മാരുടെ മുമ്പില്‍ ചെലവാകാതെ വന്നപ്പോള്‍ ബുദ്ധിമതികളായ കവലയിലെ പെണ്ണുങ്ങള്‍ കളം മാറ്റിച്ചവിട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടികളെ പട്ടിണിക്കിടാതിരിക്കാനും സ്വയം പട്ടിണി കിടക്കാതിരിക്കാനും സ്വന്തമായെന്തെങ്കിലും വരുമാനമാര്‍ഗ്ഗം കണ്ടെത്തുക എന്ന ആശയതിന്റെ അനന്തര ഫലമായാണു കവലയില്‍ അയല്‍ക്കൂട്ടം എന്ന പെണ്‍ സംഘടന ഉണ്ടായത്‌.

പരദൂഷണത്തിനു പാടേ അവധി കൊടുത്തുകൊണ്ട്‌ അയല്‍ക്കൂട്ടം പെണ്ണുങ്ങള്‍ അതിമനോഹരമായ തുളകളും വളകളുമുള്ള അച്ചപ്പം, പട്ടിയുടെ വാലുവരെ നിവര്‍ത്താന്‍ മാത്രം ബലമുള്ള കുഴലപ്പം, നെയ്യപ്പത്തിനേക്കാളും വലിപ്പമുള്ളതരം ഉണ്ണിയപ്പം എന്നിവയെല്ലാം ഉണ്ടാക്കി വിപണിയിലേക്കിറങ്ങി.

അംഗവൈകല്യം സംഭവിച്ച പലഹാരങ്ങള്‍ വീട്ടിലെ കുട്ടികളും തങ്ങളും കഴിച്ചു കുടുമ്പം മൊത്തമായി തടിച്ചുകൊഴുക്കുകയും ചെയ്തു. കവലയിലെ വീടുകളില്‍നിന്നു നിരന്തരം തീ പുകയുകയും, ഐശ്വര്യത്തിന്റെ പ്രതീകമായ ആ പുകപടലങ്ങള്‍ സദാ സമയവും കവലയില്‍ ചുറ്റിത്തിരിയുകയും ചെയ്തു.

കവലയിലെ നിഷ്കളങ്കരായ ആണ്‍ജന്മങ്ങള്‍ ഈ അവസരത്തില്‍ എല്ലുമുറിയാതെ എങ്ങിനെ പള്ളനിറയ്ക്കാം എന്നു ചിന്തിക്കുകയും അരിപ്പെട്ടിയുടെ അടിയില്‍ പെണ്ണുങ്ങള്‍ രഹസ്സ്യമായി സൂക്ഷിച്ചിരുന്ന മിച്ചധനം കട്ടെടുക്കുകയും ചെയ്തു. പുതിയ പുതിയ വീര്യമുള്ള ബ്രാന്‍ഡുകള്‍ അടിച്ചുവന്ന പാവത്താന്മാര്‍ കഴിച്ച ബ്രാന്‍ഡിന്റെ മഹത്വത്തിനായി വീട്ടിലെ പെണ്ണുങ്ങളെ മുടിക്കുചുറ്റിപ്പിടിച്ചു മുതുകിനിടിക്കാനും തുടങ്ങി.

കവലയിലെ പെണ്ണുങ്ങള്‍ക്കു പകലരിയിടിയും രാത്രി മുതുകിനിടിയും എന്ന വിഷമ കാലഘട്ടതിതിലാണു എന്റെ അമ്മ സംഘടനയുടെ ഭാരം സ്വയം ഏറ്റെടുക്കുന്നത്‌. ആദ്യമായിത്തന്നെ അമ്മ വിളിച്ചുകൂട്ടിയ അടിയന്തിര യോഗതില്‍, കവലയിലെ ആണുങ്ങളെല്ലം പാവങ്ങളാണെന്നും അവരെ ചീത്തയാക്കുന്ന ഷാപ്പുകളെ അടച്ചുപൂട്ടാനുള്ള നടപടിയാണു വേണ്ടതെന്നും തീരുമാനമായി.

അടുത്ത പടിയായി പെണ്ണുങ്ങളെല്ലം ഒരു ദിവസ്സം കല്ലാറുകൂട്ടിയിലെ ഒരു ഷാപ്പിന്റെ പടിക്കല്‍ പിക്കറ്റിങ്ങ്‌ ആരംഭിച്ചു. ഷാപ്പ്‌ അടച്ചു പൂട്ടുക, ഞങ്ങളുടെ ആണുങ്ങളെ വിട്ടുതരിക, മദ്യം വിഷം എന്നൊക്കെ എഴുതിയ പ്ലാക്കാഡുകല്‍ ഉയര്‍ത്തിപിടിച്ച്‌ ആ കാര്യങ്ങള്‍ത്തന്നെ അത്തിലും ഉയര്‍ത്തി വിളിച്ചുപറഞ്ഞ്‌ അവര്‍ ഷാപ്പിന്റെ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നു.

പരമ്പരാഗത കുടിയന്മാരുടെ ഇങ്കമിങ്ങും ഔട്ട്‌ഗോയിങ്ങും തടസ്സപ്പെട്ടപ്പോള്‍ ഷാപ്പുടമയുടെ നേതൃത്തത്തില്‍ ചില കുടിയന്മാര്‍ പെണ്ണുങ്ങലെ പുലഭ്യം പറഞ്ഞു. കടന്നല്‍ക്കൂടിളകിയ പോലെ പെണ്ണുങ്ങള്‍ ഷാപ്പിലോട്ടിരച്ചുകയറുകയും കണ്ണില്‍കണ്ടതെല്ലാം അടിച്ചുടക്കുകയും ചെയ്തു. ഷാപ്പുടമയ്ക്കും കിട്ടി സ്പെഷ്യല്‍ പെട.

ഇനി ഞാന്‍ ഷാപ്പ്‌ നടത്തില്ലാന്നെ... എന്നെ തല്ലല്ലെ പൊന്നു പെങ്ങന്മാരേ...എന്നുമ്പറഞ്ഞു ഷാപ്പുടമസ്തന്‍ കല്ലാറുകുട്ടിപുഴയില്‍ചാടി നീന്തി രക്ഷപെട്ടു.

ഇതുകണ്ടു അടുത്തുള്ള ചാരായക്കടക്കാരന്‍ ഷട്ടറുതാത്തി പുറകിലുള്ളവാതിലിലൂടെ കടന്നുകളഞ്ഞു. അങ്ങിനെ ഒരു വലിയ സാമൂഹിക പ്രശ്നം ഈസിയായി പരിഹരിച്ച എന്റെ അമ്മയുടെ ബുദ്ധിശക്തിയെ മറ്റു അല്‍പബുദ്ധികളായ പെണ്ണുങ്ങള്‍ വാനോളം പുകഴ്ത്തി.

വിജയശ്രീലാളിത ആയിനിന്ന എന്റെ അമ്മയെ ലാക്കാക്കി അപ്പോളാണു മലമ്പാമ്പുപോലെ ഒരു വലിയ പ്രശ്നം ഇഴഞ്ഞടുത്തത്‌. അതു മറ്റാരുമല്ല, അമ്മയുടെ പ്രിയ താതന്‍ എന്റെ അപ്പൂപ്പന്‍, സക്ഷാല്‍ എക്സ്‌ മിലട്ടറി വാഴച്ചാലില്‍ വറുഗീസ്‌... ബ്രിഗേഡിയര്‍...തോളത്തു ഭാരമേറിയ ഒരു എയര്‍ബാഗ്‌ തൂക്കി വളരെ കഷ്ടപ്പെട്ടു നടന്നടുക്കുകയാണു.

അപ്പൂപ്പന്‍ എന്റെ അമ്മയോടു പറഞ്ഞു, "മോളെ കുഞ്ഞേലീ...നിന്നെ കണ്ടതു നന്നായി...അപ്പനൊറ്റക്കിതു ചുമന്നു വീട്ടിലെത്തിക്കാന്‍ പറ്റില്ല...മോള്‍ വീട്ടിലേക്കുപോവുവാണൊ...ഞാന്‍ അല്‍പംകഴിഞ്ഞുവന്നേക്കാം". ഓടിത്തളര്‍ന്ന റിലേഓട്ടക്കാരന്‍ ബാറ്റന്‍ അടുത്തയാള്‍ക്കു കൈമാറുന്നതുപോലെ അപ്പൂപ്പന്‍ ബായ്ഗ്‌ അമ്മക്കു കൈമാറി.

അപ്പൂപ്പന്‍ കൊച്ചി നേവല്‍ ബേസില്‍നിന്നും എക്സ്‌ മിലട്ടരിക്കാരന്റെ സര്‍ക്കാര്‍വക സമ്മാനമായ മൂന്നുകുപ്പി ത്രിഗുണനും, രണ്ടു കുപ്പി ഹണിബീയും ഒരുകുപ്പി ബിജോയിസും വാങ്ങി വരുന്നവഴിക്കാണു പെണ്ണുങ്ങളുടെ പിക്കറ്റിങ്ങുമൂലം ഗതാഗത തടസ്സ്മുണ്ടായത്‌.

സാദാരണയായി അപ്പൂപ്പന്‍ ഈ കുപ്പികള്‍ മുടങ്ങാതെ വാങ്ങിയിരുന്നെങ്കിലും ഒരു തുള്ളിപോലു കുടിക്കാത്ത മര്യാദക്കാരനായിരുന്നു. താന്‍ സ്ഥിരമായി താമസ്സിക്കുന്ന വല്യച്ചാച്ചന്റെ വീടിനടുത്തുള്ള കുടിയന്മാര്‍ക്കു ഈ കുപ്പികള്‍ ഉയര്‍ന്നവിലയില്‍ മറിച്ചുവിറ്റു ഉപജീവനം കഴിക്കുന്ന ഒരു പാവത്താനായിരുന്നു എന്റെ അപ്പൂപ്പന്‍.

വല്യച്ചാച്ചന്റെ വീടിനടുത്തുള്ള കച്ചവടം അല്‍പ്പം ഡള്ളായതിനാലാണു അപ്പൂപ്പന്‍ റൂട്ടുമാറ്റി ഞങ്ങളുടെ കവലയിലോട്ടു വള്ളമടുപ്പിച്ചത്‌.

വിജയകരമായി പിക്കറ്റിഗ്‌ നടത്തി കവലയിലോട്ടു മടങ്ങുന്ന വഴിയില്‍ ഭാരമുള്ള ബാഗും തോളില്‍ തൂക്കി നീങ്ങുന്ന എന്റെ അമ്മയോടു പെണ്ണുങ്ങള്‍ ചോദിച്ചു...

"ബാഗിലെന്താ ചേച്ചി കനമായിട്ട്‌ "

"അപ്പനു വലിവിന്റെ അസുഖമല്ലെ..ഇപ്പം നാട്ടിലൊരു വൈദ്യരുടെ ചികില്‍സേലാ...കഷായം മുടങ്ങാണ്ടുകഴിക്കണം...എന്നുമെന്നും പോകാന്‍ പറ്റുമോ അതുകൊണ്ട്‌ ഒരഞ്ചാറുകുപ്പി ഒരുമിച്ചിങ്ങുവാങ്ങി..." അമ്മ ഒരുവിതത്തില്‍ തടിതപ്പി.

പിന്നീട്‌ തന്റെ ആദര്‍ശ്ശങ്ങളെ കാറ്റില്‍പറത്തിയതിന്റെ ഇശ്ചാഭംഗം കുറെകാലത്തേയ്ക്ക്‌ അമ്മയെ വേദനിപ്പിച്ചെങ്കിലും സ്വന്തം അപ്പന്റെ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ ഏതുമകള്‍ക്കു കഴിയും എന്ന ചിന്ത അല്‍പം ആശ്വാസം പകര്‍ന്നു.

5 comments:

സുന്ദരന്‍ said...

സുന്ദരന്റെ ഏറ്റവും സുന്ദരമായ പുതിയ പോസ്റ്റ്‌....വയിക്കു കമന്റടിക്കു...പ്രചരിപ്പിക്കു

saumya said...

bennychayooooooooooooooo,ithrakku veno?sonthan nattukarkkittu sarikkum para paniyan theerumanichekkua alle.enkilum ellam adipoliyakunnundu keto ithrem sahithya vasana kayyilundennu kandal parayillato,sathyam..........keep it up

സതീശ് മാക്കോത്ത് | sathees makkoth said...

നല്ല മോള്. അച്‌‌ഛന് പാരപണിതില്ലല്ലോ.

sandoz said...

സുന്ദരാ,
അപ്പൂപ്പനു ഇപ്പഴും മിലിട്ടറി ക്വാട്ട ഇണ്ടാ.......

വര്‍ഷത്തില്‍ ഒന്നാം തീയതിയും സമാധിയും ഇപ്പൊ
വളരെ കൂടുതലാ....എന്നെ കൂടി ഒന്ന് പരിഗണിക്കണം.

G.manu said...

sundara.........ee episodum thakarththu.......

poratte atuththau