Sunday, 18 February, 2007

ഡല്‍ഹി മാഫിയ 2

ചാക്കൊച്ചായീടെ ഹിന്ദി കേരളത്തിലെ 'സുഖമാ' ഹിന്ദിയാണു, പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കേറ്റ്‌ ചില്ലിട്ടു ഭിത്തിയില്‍ ഇഷ്ട്ടന്റെ അമ്മൂമ്മയുടെ മാലയിട്ട ഫോട്ടൊയുടെ അടുത്തു തന്നെ തൂക്കീട്ടുമുണ്ട്‌, പക്ഷെ ഡെല്‍ഹിയില്‍ 'സുഖമ' ഹിന്ദി ദുഖമാ ഹിന്ദിയായ്‌ മാറുന്നതിനു എനിക്കു സാക്ഷിയാകേണ്ടിവന്നു.

ബിജു ചെറിയാന്റെ രാജാ ഗാര്‍ഡനിലുള്ള വീട്തേടിയുള്ള യാത്രയില്‍ ടാക്സിക്കാരനായ പഞ്ചാബിയുടെ ചോദ്യങ്ങള്‍ക്ക്‌ ചാക്കോച്ചായി 'ങേ...ഹേ...ഹായ്‌...ഹും...ങും!!!' എന്നൊക്കെയുള്ള, ഗ്രാമറാല്‍ സമ്പുഷ്ടമായ 'സുഖമാ' ഹിന്ദിയില്‍ മറുപടിപറഞ്ഞപ്പോള്‍... "ബാന്‍ ചൂത്‌" എന്നു മാത്രം ആ പഞ്ചാബി ഡ്രൈവര്‍ പ്രതിവചിച്ചു.

പിന്നീട്‌ റോങ്ങ്‌ സൈഡിലൂടെ ഒരു ചുള്ളന്‍ ബൈക്കുകാരന്‍ തന്റെ വണ്ടിയെ ഓവര്‍ടേക്ക്‌ ചെയ്തപ്പോളും, തിടുക്കക്കാരനായ ഒരു കാല്‍നടക്കാരന്‍ വണ്ടിക്കു കുറുകെചാടിയപ്പോളും,
വണ്ടി ട്രാഫിക്‌ ജാമില്‍ കിടന്നപ്പോളും,
സിഗ്നല്‍ലൈറ്റ്‌ ചെമപ്പുകണ്ണുതുറന്നു നോക്കിയപ്പോളും...വീണ്ടും വീണ്ടുമാ 'വാക്ക്‌' അയാള്‍ ആവര്‍ത്തിക്കുന്നതു കേട്ടു...

ചിലപ്പോള്‍ പ്രത്യേക കാരണമോ പ്രകോപനമോ ഇല്ലാതെപോലും അയാള്‍ അതേ വാക്ക്‌ ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടുമിരുന്നു...

അന്നു ഞാന്‍ എന്റെ എളിയ ബുദ്ധിയില്‍ ചിന്തിച്ചത്‌, ഇയാള്‍ പഞ്ച പാണ്ടവന്മാര്‍ക്കു പണ്ട്‌ പറ്റിയതുപോലുള്ള വല്ല കള്ള ചൂതുകളിയിലും തോറ്റ ഒരു പഞ്ചാബി രാജാവായിരിക്കുമെന്നാണു.

തന്റെ കൊട്ടാരം ഒരു മാര്‍ക്ക്‌ 3 അംബാസിഡര്‍ കാറും, ചെങ്കോല്‍ ഒരു ഗിയര്‍ ലിവറും, കിരീടം മുഷിഞ്ഞുനാറിയ അഞ്ചാറുമീറ്റര്‍ തുണിയുടെ ഒരു കെട്ടുമായ്‌ മാറിയതിന്റെ അമര്‍ഷത്തിലായിരിക്കും ഇയാള്‍ ഈ ചൂതുകളിയുടെ കാര്യം എപ്പോളും പറയുന്നത്‌.

ഏറെ താമസ്സിയാതെ ഞങ്ങള്‍ രാജാഗാര്‍ഡന്‍ എന്‍ -134 നു സമീപം എത്തി. ചോദിച്ച കാശ്‌ ടാക്സിക്കൂലിയായി കൊടുത്തതുകൊണ്ടാണോ എന്നറിയില്ല, തടിയന്‍ പഞ്ചാബി ചൂതുകളിയെപ്പറ്റി ഒന്നും പറഞ്ഞില്ല പകരം ചിരിച്ചു...'ധന്യവാര്‍' എന്നുപറഞ്ഞ്‌ അയാളുടെ പോക്കിനു പോയി.

വലിയ ഒരു പൂന്തോട്ടവും അതിനു നടുവിലായി ഒരു കൊട്ടാരം പോലുള്ള വീടും പ്രതീക്ഷിച്ച്‌ വന്ന എന്റെ മുമ്പില്‍ മലിന ജലമൊഴുകുന്ന ഓടയും ഇടുങ്ങിയ ഗലികളും....

ഓ..ദൈവമെ...രാജാവിന്റെ പൂന്തോട്ടം ഈ മാതിരിയാണെങ്കില്‍; സാധാ പ്രജകളുടെ പൂന്തോട്ടം ഇവിടെ എങ്ങിനെയായിരിക്കും ഞാന്‍ ചാക്കൂച്ചായിനെ ഒന്നു പാളിനോക്കി.. ഹേ..പുള്ളിക്കരനൊരു ഭാവവ്യത്യാസവുമില്ല......

നിന്റെയല്ലെ കൂട്ടുകാരന്‍ ഇതിലും കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല എന്ന മട്ടില്‍ നില്‍ക്കുകയാണെന്നു തോന്നി...അതൊ മാഫിയ പുറകെവരുന്നു എന്ന ഭയത്തില്‍ ഇന്ദ്രിയങ്ങള്‍ പണിമുടക്കിയതാണോയെന്നും അറിയില്ല.

സമയം എട്ടുമണി രാത്രിയോടടുത്തു..ഷീണവും വിശപ്പും അതിനുപുറമെ അപരിചിതമായ സ്ഥലത്ത്‌ ഇനിയെന്തുചെയ്യണം എന്നറിയാതെയുള്ള നില്‍പ്പും...

ഏതായാലും എന്‍-134 എന്നെഴുതിയ വീട്ടില്‍ കയറി 'സുഖമ' ഹിന്ദി പരീക്ഷിച്ചുനോക്കാം എന്നു തീര്‍ച്ചയാക്കി. ഭാഗ്യത്തിനു വലതുകാലെടുത്തുവച്ച്‌ കയറിയത്‌ പാന്‍പരാഗ്‌, സിഗററ്റ്‌, ദേശി ചാരായം തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയിലേക്കാണു.

എന്റെ കൂട്ടുകാരനായതുകൊണ്ട്‌ പുകഴ്ത്തിപ്പറയുകയാണെന്നോര്‍ക്കരുത്‌, ബിജു ചെറിയാന്‍ ഈ ഏരിയയില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ കടയിലെ ഒരു സ്ഥിരം സന്ദര്‍ശ്കനായിരിക്കും...

കടക്കാരനോടു ഒരുവിധത്തില്‍ കാര്യം പറഞ്ഞു മനസ്സിലാകാന്‍ ചാക്കോച്ചായി പെടാപ്പാടുപെടുന്ന നേരത്ത്‌ ഒരു മലയാളി ദൈവദൂതനേപ്പോലെ അവിടെ വന്നുചേരുകയാണു...

ഈ മദ്രാസി അളിയന്മാര്‍ക്കെന്താണു വേണ്ടതെന്നു ചോദിക്കാന്‍ കടക്കാരന്‍ പറഞ്ഞതനുസരിച്ച്‌ ദൈവദൂതന്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും...മാഫിയ ഓടിച്ചതൊഴികേയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു.

ബിജു ചെറിയാന്‍ എന്ന ഒരു മലയാളിയെ പേര്‍സണലായി അറിയില്ലന്നും, സതീശന്‍ എന്ന തന്റെ ഒരു സുഹൃത്ത്‌ വസിക്കുന്നത്‌ എന്‍ 134 ലെ ഒരു മാളത്തിലാണെന്നും, അതുപോലെ അനേകം സതീശന്മാരും അനേകം മാളങ്ങളും ചേരുന്ന ഒരു റസിഡന്‍ഷ്യല്‍ കോമ്പ്ലെക്സാണിതെന്നും ദൈവദൂതന്‍ പറഞ്ഞു.

അങ്ങോട്ടുള്ള പ്രവേശന കവാടം പുറകുവശത്തെ ഗലിയില്‍ നിന്നാണെന്നും, ഞാന്‍ കൊണ്ടുപോയി കാണിച്ചുതരാം എന്നും കൂട്ടിച്ചേര്‍ത്ത്‌ ആ നല്ല ദൈവദൂതന്‍ കടയില്‍നിന്നും ഒരു മാലയിടാന്‍ മാത്രം നീളത്തില്‍ പാന്‍പരാഗും രണ്ടുപായ്ക്കറ്റ്‌ സിഗര്‍റ്റും വാങ്ങി തിരിച്ചെത്തി.

ഞങ്ങള്‍ മൂന്നാളും കൂടി ബിജവിന്റെ മാളം അന്യേഷിച്ച്‌ വീടിന്റെ പിന്‍വശത്തെ ഇടുങ്ങിയ ഗലിയിലെത്തി. വീടിന്റെ വാതില്‍ പൂര്‍ണ്ണമായും മറച്ചുകൊണ്ട്‌ ഒരു കയറുകട്ടില്‍ നടവഴിയിലിട്ട്‌ അതില്‍ ഏകദേശം ഒരുക്വിന്റലോളം തൂക്കംവരുന്ന ഒരു തള്ളമ്മ കിടക്കുന്നു.

മക്കാ മാലിക്കത്തിയാ...എന്നു പതുക്കെ ഞങ്ങളോടുപറഞ്ഞ്‌ വളരെ ഭവ്യതയോടെ ദൈവദൂതന്‍ തള്ളമ്മയെ വണങ്ങിയിട്ട്‌ മുകളിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങിയതായിരുന്നു...

ഇടിവെട്ടുന്ന സ്വരത്തില്‍ തള്ളമ്മ അലറി..

"കാം..ജ്യാരേ...?"

പിന്നെ പൂരത്തിനു മാലപ്പടക്കം പൊട്ടുന്നതുപോലെ ഗ്രാമ ഭാഷയില്‍ ഒരലക്കായിരുന്നു...

ഇതിനിടയില്‍ ചാക്കൊച്ചായി ഒരു കണ്ടുപിടുത്തം നടത്തി എന്നോടു സ്വകാര്യമായി പറഞ്ഞു.."ഈ തള്ളയ്ക്കു ഹിന്ദി ഒരു ചുക്കുമറിയില്ല കേട്ടില്ലെ പറഞ്ഞത്‌...'കാംജ്യാരേന്ന്...' കഹാം ജാ രെഹാഹേ എന്നു വേണം ചോദിക്കാന്‍".

ഞാന്‍ ജീവിതത്തിലാദ്യമായിട്ട്‌...എന്നിലും പ്രായത്തില്‍മൂത്തവനും, അടുത്ത ബന്ദുവുമായ ചാക്കൊച്ചായിയെ എന്റെ കണ്ണുകള്‍ ഉരുട്ടാവുന്നതിന്റെ മാക്സിമം ഉരുട്ടി ഒരു നോട്ടം നോക്കിപ്പോയി...എന്നൊടു ക്ഷമിക്കുക..

തള്ളമ്മ പറയുന്നതിന്റെസാരം ദൈവദൂതന്‍ വിവരിച്ചതിങ്ങനെ...പ്രായപൂര്‍ത്തിയായ ആണുങ്ങള്‍ താമസ്സിക്കുന്ന മാളങ്ങളില്‍ രാത്രി എട്ടുമണിക്കു ശേഷം സന്ദര്‍ശകരെ അനുവദിക്കുന്നതല്ല.

ലേഡീസ്‌ ഹോസ്റ്റലിനു ചുറ്റി നടക്കുന്ന പൂവാലന്മാരെ മേട്രന്‍ ആട്ടിപ്പായിക്കുന്നതുപോലെ ഞങ്ങളെ ആട്ടിയോടിക്കുകയാണു തള്ളമ്മ.

ആ സമയം ബോംബെയിലേയും ഡല്‍ഹിയിലേയും വാടക കെട്ടിട മാഫിയകളേപ്പറ്റി ചാക്കൊച്ചായി ചുരുക്കത്തില്‍ ഒന്നു വിവരിച്ചു...

ഒരുനിലയും ഇല്ലാതിരുന്നവര്‍ ഇപ്പോള്‍ മൂന്നും നാലും നിലകളിലെത്തിയത്‌ കേരളാ എക്സ്പ്രസ്സില്‍ ദിനംതോറും വന്നിറങ്ങുന്ന മലയാളികളെ ചൂഷണം ചെയ്താണെന്നും...ഇവര്‍ തീര്‍ത്ത മാളങ്ങളുപേക്ഷിച്ചു എല്ലാമലയാളികളും ഒരു ദിവസ്സം തിരിച്ചുപോയാല്‍ ഇവരെല്ലാം മൂക്കുകൊണ്ട്‌ "ങാ..ങേ...ഹാ...ഹും..."എന്ന് വരയ്ക്കുമെന്നും ചാക്കൊച്ചായി വിശ്വസിക്കുന്നു.

പക്ഷേ അക്ഷരാര്‍ത്ഥില്‍ ഞങ്ങള്‍ അവരുടെ മുമ്പില്‍ മൂക്കുകൊണ്ട്‌ 'ക്ഷ' വരച്ചു നിന്നപ്പോളാണു ഭാഗ്യത്തിനു സതീശന്‍ നാലാംനിലയില്‍നിന്നൂം ഭൂമിയിലേക്കിറങ്ങിവന്നത്‌.

പെട്ടിയും പ്രമാണവുമൊക്കെയായി നില്‍ക്കുന്ന ഞങ്ങളെ കണ്ടപ്പോള്‍ സതീശന്‍ ക്യാഹൂവാ എന്നമട്ടില്‍ ഞങ്ങളെ ഒന്നു നോക്കിയിട്ട്‌ ദൈവദൂതനോട്‌, ഞങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു.

അല്‍പ സമയത്തിനു ശേഷം രണ്ടാളുംകൂടി ഞങ്ങളുടെ അടുത്ത്‌ വന്നു.

"നിങ്ങളുടെ കൂട്ടുകാരനെ പിടികിട്ടി..സതീശന്റെ സഹമുറിയനാ...സന്തോഷമായില്ലേ" എന്നു ദൈവദൂതന്‍ അരുളിചെയ്തപ്പോള്‍ എങ്ങിനെ ആമനുഷ്യനോടു നന്ദിപറയണം എന്നറിയാതെ ഞാന്‍ കുഴങ്ങുകയായിരുന്നു...

പക്ഷേ സതീശന്‍ വല്യ ഗൗരവത്തിലാണെന്നു തോന്നി...

"ഹലോ..എന്റെ പേര്‍ സുന്ദരന്‍, ഇതെന്റെ അച്ചാച്ചന്‍ ചക്കോച്ചായി...നിങ്ങളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം" എന്നു വളരെ മര്യാദയോടെ പറഞ്ഞു ഷെയിക്‍ഹാന്റിനായി കൈനീട്ടിയ എന്റെമുമ്പില്‍, ദേഹത്തുതൊട്ടുള്ള കളിവേണ്ട എന്ന മട്ടില്‍ രണ്ടുകയ്യും കൂപ്പി ടിപ്പിക്കല്‍ ഇന്ത്യന്‍ സ്റ്റയ്‌ലില്‍ "നമസ്കാരം" എന്നുപറഞ്ഞൊഴിഞ്ഞു സതീശന്‍....അഹങ്കാരി...

"ഞാന്‍ ചപ്പാത്തിക്ക്‌ ആട്ട കുഴച്ചുകൊണ്ടിരിക്കുകയായിരുന്നു...അല്‍പം വെള്ളംകൂടിപ്പോയി...കടയടക്കുന്നതിനുമുമ്പേ കുറച്ച്‌ ആട്ടകൂടി വങ്ങി കൊണ്ടുവന്നാലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ പറ്റു...കൈകഴുകാതെ തിടുക്കത്തില്‍ ഓടുകയായിരുന്നു..."

എന്നു സതീശന്‍ പറഞ്ഞപ്പോള്‍ആ പാവം മനുഷ്യനെ ഞാന്‍ വെറുതെ അഹങ്കാരിയെന്നു വിളിച്ചല്ലൊ എന്നോര്‍ത്തായിരുന്നു എനിക്കു സങ്കടം...സുന്ദരമായ എന്റെ കയ്യില്‍ ആട്ട പറ്റാതിരിക്കാനായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍...

"ചേട്ടന്‍ എന്റെ കൂട്ടുകാരന്‍ ബിജു ചെറിയാന്റെ കൂടെയാണല്ലേ താമസ്സിക്കുന്നത്‌..." എന്ന എന്റെ ചോദ്യത്തിനു

"അല്ല...ഞാന്‍ അവന്റെകൂടെയല്ല അവന്‍ എന്റെ കൂടെയാണു താമസം" എന്നായിരുന്നു സതീശന്റെ ഉത്തരം...

"ബിജു റൂമിലുണ്ടോ...ഞങ്ങള്‍ വരുന്ന കാര്യം പറഞ്ഞ്‌ അവനെഴുതിയിരുന്നു...റെയില്‍വേ സ്റ്റേഷനില്‍ കാണാതെ ഞങ്ങളൊന്നുപേടിച്ചു..ഇപ്പോളാണാശ്യാസമായത്‌..." എന്നു ഞാന്‍ പറഞ്ഞപ്പോള്

"‍ആശ്യസിക്കാന്‍ വരട്ടെ..ബിജു ഇവിടെയില്ല...ജോലിക്കുപോയിരിക്കുന്നു ....രാത്രിയില്‍ എപ്പോളാണു ജോലികഴിഞ്ഞ്‌ വരുന്നതെന്നു പറയാന്‍പറ്റില്ല..."എന്നായിരുന്നു സതീശന്റെ മറുപടി.

"നമ്മള്‍ക്ക്‌ റൂമിലേയ്ക്ക്‌ പോകാം..അവിടെയാകുമ്പോള്‍ ഇരുന്നു സംസാരിക്കാമല്ലോ...ബിജു വരുമ്പോള്‍ വരട്ടെ എന്നെകാണുമ്പോള്‍ അവന്‍ വണ്ടറടിക്കണം...പിന്നെ ഞാന്‍ ഇനി നിങ്ങളുടെ ഒപ്പം കൂടാനുള്ള തയ്യാറേടുപ്പിലാവന്നിരിക്കുന്നത്‌...ദേ...പെട്ടികണ്ടില്ലെ" എന്നുള്ള എന്റെ തീര്‍ത്തും ന്യായമായ അഭ്യര്‍ത്ഥനയെ മുഖവിലയ്ക്കുപോലുമെടുക്കാതെ സതീശന്‍ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.......

"പൊന്നു സുഹൃത്തേ ചതിക്കരുത്‌ നിങ്ങളുടെ കൂട്ടുകാരനെ കൂടെ താമസ്സിപ്പിച്ച്‌ ഞാന്‍ ആപ്പിലായിരിക്കുകയാ...

...ഇപ്പോള്‍ നിങ്ങളെ ഞാന്‍ റൂമിലോട്ടു വിളിച്ചാല്‍ ഒന്നിരിക്കാന്‍ പറയാന്‍ ഒരു ചെയര്‍പോലുമില്ല...
അല്ല ചെയറുവാങ്ങി ഇടാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല ആകെയുള്ള സ്ഥലത്ത്‌ എന്റെ കട്ടിലിട്ടിരിക്കുകയാ.... അതേലോട്ടാണു ഞാന്‍ ഇന്നത്തേക്കും നാളെരാവിലത്തേക്കുമുള്ള ചപ്പാത്തി പരത്തിവയ്ക്കാന്‍ പോകുന്നത്‌...
അല്ലങ്കില്‍ ആ കട്ടിലില്‍ കുറച്ചുനേരമെങ്കിലും നിങ്ങള്‍ക്കിരിക്കാമായിരുന്നു.... ബിജു വരുമ്പോള്‍ ബാക്കിയുള്ള സ്ഥലത്ത്‌ കിടക്കവിരിച്ച്‌ അവനും കിടക്കും...പിന്നെ ഒരു കൊതുകിനുപോലും മാന്യമര്യാദ്യ്ക്ക്‌ പറക്കാനുള്ള സ്ഥലം എന്റെ റൂമില്‍ഇല്ല ....

നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ഒരുവഴിയെ കാണുന്നുള്ളു....

ഗോവിന്ദപുരിയിലുള്ള 'ഗോഷല്‍ ഡിസൈന്‍സ്‌ ആന്‍ഡ്‌ എക്സ്പോര്‍ട്ട്സ്‌' എന്ന സ്ഥാപനത്തില്‍ പൂഞ്ഞാറുകാരന്‍ ഒരു സജി പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്നുണ്ട്‌ അവിടെ ചെന്നു അയാളെ കണ്ടാല്‍ താമസത്തിനുള്ള സ്ഥലം അറെഞ്ച്‌ ചെയ്തു തന്നു സഹായിക്കും...

അവിടെയാണു നിങ്ങളുടെ പ്രിയ സുഹ്രുത്ത്‌ ബിജു ജോലിചെയ്തുകൊണ്ടിരിക്കുന്നത്‌..."


സതീശനോടും കൂട്ടുകാരനോടും നന്ദിപറഞ്ഞു രാജാവിന്റെ പൂന്തോട്ടത്തില്‍നിന്നും ഗോവിന്ദന്റെപുരിയിലേയ്ക്ക്‌ ഒരു ഓട്ടോയില്‍ ഞങ്ങള്‍ യാത്രതിരിച്ചു...

ഞാന്‍ ബിജുവിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായതുകൊണ്ട്‌ അവന്റെ കമ്പനിവക ഗെസ്റ്റ്‌ ഹൗസില്‍ ഞങ്ങള്‍ക്കു താമസസൗകര്യം ഒരുക്കിത്തരുമായിരിക്കും ...

ഗോവിന്ദപുരി കണ്ടപ്പോള്‍, രാജാ ഗാര്‍ഡനു ആ പേരിട്ടിരിക്കുന്നതില്‍ ഒരുതെറ്റും പറയാനില്ലെന്നു ബോദ്യമായി...

നമ്മുടെ കോതമംഗലത്തിനടുത്തുള്ള പോത്താനിക്കാട്‌ എന്ന സ്ഥലപ്പേരാണു ഗോവിന്ദപുരിക്ക്‌ കുറച്ചുകൂടി നന്നായ്‌ ഇണങ്ങുന്നത്‌. പോത്തുകള്‍ പലപ്രാവശ്യം ഞങ്ങളുടെ ഓട്ടോ തടഞ്ഞിടുകയുണ്ടായി.

ഗോയല്‍ എക്സ്പോര്‍ട്ടിങ്ങ്‌ കമ്പനിയുടെ കാര്യം പറഞ്ഞാല്‍, ഞങ്ങള്‍ കരുതിയപോലെ കറങ്ങുന്ന കസേരയിലിരിക്കുന്ന ബോസുമാരോ മിനിസ്കേര്‍ട്ടിട്ട്‌ ഓടിനടക്കുന്ന വനിതാ സെക്രട്ടറിമാരോ ഒന്നുമില്ലത്ത ഒരു സ്ഥാപനം

തറ എന്നു പറയാന്‍ പറ്റില്ല...
അതിലും താഴെ.....
ബേസ്‌മന്റ്‌...

ബേസ്‌മെന്റിലേക്കുള്ള പടികളിറങ്ങിചെന്ന ഞങ്ങള്‍ക്ക്‌, കോട്ടയം അയ്യപ്പാസില്‍ കയറിയാലുണ്ടാകുന്ന ഫീലിങ്ങാണുണ്ടായത്‌. അതിവിശാലമായ ഷോറൂം...

വലിയ ഹാളിന്റെ മുക്കിലും മൂലയിലും കുന്നുകൂടിക്കിടക്കുന്ന തുണിക്കെട്ടുകള്‍, വിദേശയാത്രയ്ക്കൊരുങ്ങുന്ന വിവിധതരം വസ്ത്രങ്ങള്‍

പാരഗണ്‍ ചെരുപ്പിന്റെയത്ര കനമുള്ള സുക്കാ റൊട്ടി പച്ചമുളകും, സബോള വട്ടത്തിലരിഞ്ഞതും കൂട്ടി കറുമുറെ തിന്നുന്ന ബീഹാറീ ജെനറല്‍ മാനേജരുടെ അടുത്തിരിരുന്നു ബിസിനസ്സ്‌ തന്ത്രങ്ങള്‍ മെനയുന്നു പ്രൊഡക്ഷന്‍ മാനേജര്‍ പൂഞ്ഞാര്‍ സജി...

ഒരുവശത്തായി മലപോലെ കൂട്ടിയിട്ടിരിക്കുന്ന എക്സ്പോര്‍ട്ട്‌ ക്വാളിറ്റി കളസങ്ങള്‍ക്കു ദ്രുദഗതിയില്‍ വള്ളികോര്‍ത്ത്‌ തള്ളുന്ന ചുറുചുറുക്കുള്ള കുറേയേറെ ചെറുപ്പക്കാര്‍....

അവരുടെഇടയില്‍ ഞാന്‍ ഇത്രയും നേരം തേടിയലഞ്ഞവനും...പ്രലോഭനപരമായ ഒരു കത്തയച്ച്‌ എന്നെ ഡല്‍ഹിയിലോളം വരുത്തിച്ചവനുമായ എന്റെ പ്രിയപ്പെട്ടവന്‍..സാക്ഷാല്‍ ബിജു ചെറിയാന്‍...
പല വര്‍ണ്ണങ്ങളില്‍ പലപല തരങ്ങളില്‍ പട്ടിലും, ലിനനിലും, കോട്ടനിലുമുള്ള കളസങ്ങള്‍ വള്ളികോര്‍ത്ത്‌ തള്ളുകയാണവന്‍....

ഇവിടെ കളറുകള്‍ക്കൊറു പഞ്ഞവുമില്ലന്നു പറഞ്ഞത്‌ എത്രശരി!!!...
മാസ്സം അയ്യായിരം തടയുമെന്നുപറഞ്ഞതും ശരി...മലപോലെയല്ലെ കൂട്ടിയിട്ടിരിക്കുന്നത്‌!

എന്നാലും എന്റെ സുഹൃത്തേ ...പോറ്റിഹോട്ടലില്‍നിന്നും നിനക്കു ഞാനെത്ര ഊണുവാങ്ങി തന്നിട്ടുള്ളതാ....
അതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യം........

11 comments:

G.manu said...

ഇവിടെ കളറുകള്‍ക്കൊറു പഞ്ഞവുമില്ലന്നു പറഞ്ഞത്‌ എത്രശരി!!!...
മാസ്സം അയ്യായിരം തടയുമെന്നുപറഞ്ഞതും ശരി...മലപോലെയല്ലെ കൂട്ടിയിട്ടിരിക്കുന്നത്‌!

എന്നാലും എന്റെ സുഹൃത്തേ ...പോറ്റിഹോട്ടലില്‍നിന്നും നിനക്കു ഞാനെത്ര ഊണുവാങ്ങി തന്നിട്ടുള്ളതാ....
അതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യം........

ente mashey.......super super

kirathan said...

കൊള്ളാം. ഗോവിന്ദ് പുരിയിലൂടെ വീണ്ടും നടന്ന ഒരു പ്രതീതി. അവിടുത്തെ മംഗളാ റെസ്റ്റോറന്റിനെക്കുറിച്ച് ഓര്‍മ്മ വരുന്നു. പത്തു വര്‍ഷത്തിനു ശേഷം രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ഒന്നൂടെ ആ വഴി കറങ്ങി. ഒരു മാറ്റവുമില്ല.

Siju | സിജു said...

.."ഈ തള്ളയ്ക്കു ഹിന്ദി ഒരു ചുക്കുമറിയില്ല കേട്ടില്ലെ പറഞ്ഞത്‌...'കാംജ്യാരേന്ന്...' കഹാം ജാ രെഹാഹേ എന്നു വേണം ചോദിക്കാന്‍"

കുറച്ചു നാള്‍ മുമ്പ് നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു.
ഗുഡ്ഗാവില്‍ ബസ് കാത്തു നിന്നിരുന്ന എന്നോട് ഒരാള്‍ വന്നു ചോദിച്ചു. “മെഹ്‌റോളി ജാനെ കേലിയേ ഗാഡി യഹാം സേ മിലേഗാ ക്യാ”. പറഞ്ഞും കേട്ടും ഇതു നല്ല പരിചയമായതു കൊണ്ട് ഞാന്‍ മലയാളത്തില്‍ തന്നെ മറുപടി പറഞ്ഞു :-)

ഡല്‍ഹി മാഫിയ അടിപൊളി

അഡ്വ.സക്കീന said...

ഡല്‍ഹിയെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യവും രസകരവുമാണ്. ജനറല്‍ മാനേജരുടെ ഡ്യൂട്ടി അസ്സലായി.
ഒരിക്കല്‍ മയൂര്‍വിഹാറിലെ
സുഹൃത്തിന്റെ വീട്ടിലെത്തിപ്പെട്ട യാതനയുടെ ഓര്‍മ്മ. പക്ഷേ പോത്താനിക്കാ
ടിനേം കോതമംഗലത്തിനേം ഒക്കെ പറഞ്ഞാല്‍, അത് ഞമ്മടെ മാതൃനാടാട്ടോ.

ചക്കര said...

:)

ഉത്സവം said...

ഹഹഹ ക്ലൈമാക്സ് കളറ് കലക്കി.

ദിവ (d.s.) said...

:))

വക്കാരിമഷ്‌ടാ said...

അടിപൊളി എന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും. തകര്‍ത്തു. ശരിക്ക് രസിച്ച് വായിച്ചു. പോത്താനിക്കാടും ക്യാംജാരേയും എല്ലാം ഒന്നിനൊന്ന് മെച്ച്.

അപ്പോള്‍ ഉത്തര്‍ദായിത്തങ്ങള്‍ കൂടി. ഒന്നൊന്നായി പോരട്ടെ.

സുല്‍ | Sul said...

ഹെഹെഹെ സുന്ദരാ
അതു കലക്കി.
ഒരു യാത്രാ വിവരണ ബോഗിനെ കുറിചച്ചോര്‍ത്തുകൂടേ?

-സുല്‍

KANNURAN - കണ്ണൂരാന്‍ said...

തകര്‍പ്പനാവുന്നുണ്ട് മാഫിയ...രാജാ ഗാ‍ര്‍ഡന്‍, ഗോവിന്റ്പുരി... ഇനി അടുത്ത യാത്ര എങ്ങോട്ടേക്കാ.. ശ്രീനിവാസ്പുരിക്കോ അതോ കാല്‍ക്കാജിക്കോ..

സുന്ദരന്‍ said...

എല്ലാ ബ്ലോഗ്‌ പുലികള്‍ക്കും...
പ്രത്യേകമായി...
1. മനു
2. കിരാതന്‍
3. സിജു
4.അഡ്വ. സക്കീനാ
5.ചക്കര
6. ഉത്സവം
7.ദിവ.
8.വക്കാരി
9.സുല്‍
10. കണ്ണൂരാന്‍

സുന്ദരന്റെ നന്ദി.....
കണ്ണൂരാനേ..ശ്രീനിവാസ്പുരി എന്റെ ഡല്‍ഹിയിലെ ഗ്രാമമായിരുന്നു...
സുല്‍...യാത്രാ വിവരണ ബ്ലോഗിനെപ്പറ്റി ആലോചിച്ചതാ...പക്ഷെ തുടരന്‍ എനിക്കു പറ്റിയ ഫീല്‍ഡല്ല (കുറുമാനേപ്പോലുള്ള പ്രതിഭകള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും)....റെഗുലറായി ബ്ലോഗില്‍ വരാനുള്ള ഒരു സാഹചര്യം ഇനിയും ആയിട്ടില്ല...ബ്ലോഗ്‌ എന്നു കേട്ടതുതന്നെ ഈ വര്‍ഷത്തിലാ!!!

നിങ്ങളുടെ കമന്റാണു എന്നെ ഇവിടെ തുടരാന്‍ പ്രേരിപ്പിച്ചത്‌..അല്ലെങ്കില്‍ കഴിഞ്ഞമാസം തന്നെ സ്കൂട്ടായേനെ (ഈ വാക്ക്‌ കൊടകരയില്‍നിന്നും കടം)....

അപ്പൊള്‍ വക്കാരിമഷ്‌(ഇഷ്‌)ടാ...എല്ലാം പറഞ്ഞതുപോലെ...ഇനിയും കാണണം.

സുന്ദര്‍(....