Wednesday 31 January 2007

സ്നേഹ ദ്വീപില്‍ ലോകമഹായുദ്ധം

അടിമാലിയില്‍നിന്നും പത്തുകിലോമീറ്റര്‍ കിഴക്കോട്ടു സഞ്ചരിച്ചാല്‍ വെള്ളത്തൂവല്‍ എന്ന കവലയായി.

കാനഡയില്‍നിന്നൊരു ലാവ്വിലിന്‍ സായിപ്പുവന്നു കുളംകോരിയെച്ചുപോയ കരണ്ടുണ്ടാക്കല്‍ ഫാക്റ്ററികളില്‍ രണ്ടെണ്ണം ഈ കവലയിലാണുള്ളത്‌. അന്നു ലാവ്വിലിന്‍ ചെവിക്കുപിടിച്ചു തൂക്കിയെറിഞ്ഞ പഴയ ജെര്‍മ്മന്‍ നിര്‍മ്മിത പച്ചവെള്ളം കടച്ചില്‍ യന്ത്രങ്ങള്‍ "എന്നിട്ടിപ്പയെന്തായി" എന്നും ചോദിച്ചു തലങ്ങും വിലങ്ങും കിടക്കുന്ന അതേ കവലയിലാണു കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ -സ്നേഹ ദ്വീപ്‌- 2 കി.മീ. എന്നെഴുതിയ ഒരു ബോര്‍ഡും വട്ക്കോട്ടുള്ള ഇടവഴിയുടെ നേരെ ഒരു ചൂണ്ടും കാണപ്പെട്ടിരുന്നത്‌.

ഈ ബോര്‍ഡു കവലയില്‍ ആദ്യമായി കാണാനുള്ള ഭാഗ്യമുണ്ടായ പതീരിക്കല്‍ വറീത്‌ അന്ന ദമ്പതികള്‍ക്കു ഇതു വായിക്കനുള്ള ഭാഗ്യമുണ്ടായില്ല....ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയില്‍ എഴുത്തുംവായനയും പഠിക്കാനൊന്നും ഇവര്‍ക്കു കഴിഞ്ഞില്ല.

സമ്പൂര്‍ണ്ണ സാക്ഷരത എന്നുമ്പറഞ്ഞു അടുത്ത വീട്ടിലെ പിള്ളേരുവന്നു കുറെ അക്ഷര മഴപെയ്യിച്ചെങ്കിലും വറീത്‌ മാപ്പിളയാകുന്ന കുടം കമിഴ്‌ന്നുതന്നേയിരുന്നു...അന്നച്ചേടുത്തിയാകട്ടെ കുറച്ചൊക്കെ ക്യാച്ചു ചെയ്തെങ്കിലും സ്നേഹ ദ്വീപ്‌ എന്നൊന്നും വായിച്ചെടുക്കാന്‍... അതും പരപരാ വെളുപ്പിനു ഇത്തിരി വിഷമമായിരുന്നു.

"ഏതോ തലേമ്മത്തലതെറിച്ചോന്മാരു കള്ളുഷാപ്പിന്റെ ബോര്‍ഡ്‌ ഇളക്കിയെടുത്തു കൊണ്ടുവന്നു നാട്ടിയേച്ചു പോയതാ..."
വറീത്‌ മാപ്പിള പറഞ്ഞു. കറുപ്പും വെളുപ്പും പെയിന്റുപയോഗിച്ചെഴുതുന്ന ഏതു ബോര്‍ഡിനെയും കള്ളുഷാപ്പ്‌ എന്നു വായിക്കാനുള്ള പഠിത്തമാണു മൂപ്പരു പഠിച്ചു വെച്ചിരിക്കുന്നത്‌. അതിനി കുരിശുപള്ളിയേലു വച്ചാലും അങ്ങിനയേ വായിക്കു...അല്ലെങ്കില്‍ കളറുമാറ്റിയെഴുതണം.

"എന്നാല്‍കണക്കായിപ്പോയി...ഇനിയാരെങ്കിലും ആ ഷാപ്പും കൂടി പൊളിച്ചു വേറെയെവിടേലും കൊണ്ടോയി വെച്ചേരുന്നേല്‍ ഈ നാടു ഗുണം പിടിച്ചേനെ...അവമ്മാരെ കണ്ടിരുന്നേല്‍ ഒരു മോതിരമിടീച്ചു വിടാരുന്നു....." അന്നചേടത്തി പറഞ്ഞ്തേയൊള്ളു മോതിരമിടീക്കുന്നതിനുമുമ്പെ പാലായ്ക്കുള്ള കോമ്മ്രേഡ്‌ എഫ്‌.പി. വരുകയും രണ്ടാളുംകൂടി അതില്‍കയറി മണര്‍കാട്‌ പള്ളിപ്പെരുന്നളുകൂടാന്‍ പോവുകയും ചെയ്തു.

നേരം നന്നായി വെളുത്തപ്പോള്‍ കവലയിലേയ്കു കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടിരുന്നു...പള്ളിയില്‍ പോകുന്നവര്‍...പള്ളിയില്‍ പ്പോകാത്തവര്‍, പാലുവില്‍ക്കാന്‍വന്നവര്‍...പാലു വാങ്ങാന്‍ വന്നവര്‍, ചായ അടിക്കാന്‍ വന്നവര്‍...ചായ കുടിക്കാന്‍ വന്നവര്‍ അങ്ങിനെ പലരും...

ഇതില്‍ വായിക്കാനറിയാവുന്നവര്‍ അവര്‍ക്കുവേണ്ടിയും വായിക്കാനറിയില്ലാത്തവര്‍ക്കുവേണ്ടിയും ആ ബോര്‍ഡ്‌ വായിച്ചു. "സ്നേഹ ദ്വീപ്‌" രണ്ടുകിലോമീറ്റര്‍ അകലെ.....

വടക്കോട്ടുള്ള ഇടവഴിയിലൂടെ രണ്ടുകിലോമീറ്റര്‍ പോയാല്‍ ലക്ഷംവീടു കോളനിയാണു. ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോളേക്കും അതൊരു സ്നേഹ ദ്വീപായി മാറിയതെങ്ങിനെ.

കവലയിലെ റൗഡിയും അട്ടിമറിതൊഴിലാളികളുടെ നേതാവുമായ ദേവസി, ലോട്ടറി ഏജന്റ്‌ ആണിക്കാലന്‍ കുഞ്ഞാമു, ബെസ്സുകളില്‍ ആളെവിളിച്ചുകയറ്റി അവര്‍കൊടുക്കുന്ന ടിപ്പുകൊണ്ടു ഉപജീവനം കഴിക്കുന്ന സൈനുദ്ധീന്‍ കാക്ക.... നാം രണ്ട്‌ നമുക്കു രണ്ട്‌ ഒക്കെയങ്ങു പള്ളീപ്പോയിപ്പറഞ്ഞാമതി എന്ന മനൊഭാവമുള്ള കുറേ ആണുങ്ങളും, തൊട്ടതിനും പിടിച്ചതിനും ഒക്കെ കലഹിക്കുന്ന ഏഷണിക്കാരികളായ അവരുടെ ഭാര്യമാരും ഒരുപാടു കുട്ടികളും അടങ്ങുന്ന പതിനാലോളം കുടുമ്പങ്ങളുടെ വകയാണു ലക്ഷംവീടു കോളനി.


കവലയിലെ സര്‍ക്കാര്‍വക ഉയര്‍ന്ന സ്കൂളില്‍ സ്ഥലം മാറിവന്ന സോമന്‍ സാറിനു താമസ്സിക്കാന്‍ കിട്ടിയ സ്ഥലം ഈ ലക്ഷംവീടുകോളനിയോടു വളരെ അടുത്തുള്ള ഒരു വാടക വീടാണു. സോമന്‍സാര്‍ താമസ്സം തുടങ്ങിയ അന്നും രാത്രി കോളനിയില്‍ പതിവുപോലെ വലിയ വഴക്കുനടന്നു...

അട്ടിമറി ദേവസ്സിയുടെ അലക്കിയിട്ടിരുന്ന ഷര്‍ട്ടിന്മേല്‍ സൈനുദ്ധീന്‍ കാക്കായുടെ ബീടരു മീന്‍കഴുകിയ വെള്ളം ഒഴിച്ചു എന്നതായിരുന്നു വഴക്കിന്റെ മൂലകാരണം.

"ബെട്ടമില്ലത്തപ്പം ആരാണ്‍ടി ശരട്ട്‌ കാണണത്‌... മനുശ്യന്മ്മരുക്കടെ മെത്തുമ്മ ഇടണ്ട്‌ ശരട്ട്‌ ബേലീമ്മെ ഇടാനാരുപറഞ്ഞെടീീീ...." എന്നു ആലീമ്മ പറഞ്ഞപ്പോല്‍ ദേവസ്സിയുടെ വൈഫ്‌ ഒട്ടും മോശമാകാന്‍പാടില്ലല്ലോ ...അവരും ഫുള്‍ വോളിയത്തിലു അലപ്പുതുടങ്ങി.

ദേവസ്സിക്കു വാക്കുകൊണ്ടുള്ള കളിയേക്കാളും ഇഷ്ടം കയ്യാംകളിയാണു. അവന്‍ ഒരു കല്ലെടുത്തൊരു വീക്കുകൊടുത്തിട്ടു നമ്മുടെ സോമന്‍ സാറിന്റെ വാടകവീടിന്റെ മുകളിലാണുവന്നുവീണത്‌. യാത്രാക്ഷീണം കാരണം നേരത്തെ കിടന്നുറങ്ങിയ സാര്‍ ഒച്ചപ്പാടും ബഹളോം കേട്ടു ഞെട്ടിയെഴുന്നേറ്റു, എന്താണെന്നു നോക്കാനായിട്ടു മുറ്റത്തിറങ്ങിയപ്പോളാണു ദേവസിയുടെ ഉന്നം തെറ്റിയ കല്ല് ഓടുംതകര്‍ത്ത്‌ സാറിന്റെ കിടക്കപ്പായില്‍ വന്നു പതിച്ചത്‌. ഒരു ക്ലാസ്സുപോലുമെടുക്കാതെ മൊത്തംസ്കൂളിനും അവധി കൊടുത്തു മടങ്ങേണ്ടിവന്നേനെ പാവം സാറിനു....

ദേവസ്സിയുടെ ഭാര്യ സുധാമണീന്റേം സൈനുദ്ധീന്‍ കാക്കായുടെ ഭാര്യ കുഞ്ഞാമുവിന്റേം ഹൈവോളിയം അന്നു സാറിന്റെ ജീവന്‍ രക്ഷിച്ചെന്നു വേണമെങ്കില്‍ പറയാം.

മറ്റു സാറുമാരായിരുന്നെങ്കില്‍ എന്തുചെയ്തേനെ...പെട്ടീം കിടക്കേം എടുത്തു അന്നു തന്നെ വേറെ സ്ഥലം നോക്കിയേനെ...ചിലര്‍ ട്രാന്‍സ്ഫറിനുപോലും ഇക്കാര്യം പറഞ്ഞു അപേക്ഷ കൊടുത്തേനെ. അവിടെയാണു സോമന്‍സാറിനെ തിരിച്ചറിയേണ്ടത്‌. കോളനി മൊത്തത്തില്‍ പരിഷ്കരിച്ചെടുക്കനായിരുന്നു സാറിന്റെ നീക്കം.

അതിനായി അടുത്ത ദിവസ്സംതന്നെ കോളനിയിലെ എല്ലാ വീടുകളും സാര്‍ സന്ദര്‍ശിക്കുകയാണു. കുറെ നാളത്തെ പരിശ്രമ ഫലമായി കോളനിയിലെ പതിനാലു വീടുകളിലേയും എല്ലാ അംഗങ്ങളേയും ഒരുമിച്ചുനിര്‍ത്താന്‍ സാറിനു കഴിഞ്ഞു. അതിനായി സാറുപയോഗിച്ച, സാറിന്റെ തലയില്‍ പരാശ്രയം കൂടാതെ ഉണ്ടാക്കിയെടുത്ത ഐഡിയ ഇതായിരുന്നു...

കോളനിയിലെ പതിനാലു വീടുകളെയും പതിനാലു രാജ്യങ്ങളുടെ പേരിട്ടു വിളിക്കുക, ഈ പതിനാലു വീട്ടിലെയും നാഥന്മാര്‍ രാജ്യത്തലവന്മാരുടെ പേരില്‍ അറിയപ്പെടും...അട്ടിമറി ദേവസ്സിയുടെ വീട്‌ അമേരിക്ക, ദേവസ്സി ജോര്‍ജ്ജ്‌ ബുഷ്‌ (സീനിയര്‍). ആണിക്കാലന്‍ കുഞ്ഞാമുവിന്റെ വീടോ സാക്ഷാല്‍ ഇഗ്ലണ്ട്‌ അപ്പൊള്‍ കുഞ്ഞാമ്മു ഓട്ടോമാറ്റിക്കായിട്ടു ജോണ്‍മേയര്‍ ആകുമല്ലൊ..അതുപ്പോലെ സൈനുദ്ധീന്‍ കാക്കയുടെ വീട്‌ കുവൈറ്റും...ചെത്തുകാരന്‍ ഭാസ്കരന്റെ വീട്‌ കാനടയും ഒക്കെയായിമാറി.

എല്ലാ ദിവസ്സവും എല്ലാ രാജ്യത്തിന്റേം ഭരണാധികാരികള്‍ പ്രദമ വനിതയോടൊപ്പം സോമന്‍സാറിന്റെ വീട്ടില്‍ സമ്മേളിക്കും രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങല്‍, വളര്‍തുമൃഗങ്ങളുടെ ഞുഴഞ്ഞുകയറ്റപ്രശ്നങ്ങള്‍, രാജ്യങ്ങളെത്തമ്മില്‍ ബന്തിപ്പിക്കാനുള്ള ഹൈവേ, അന്താരാഷ്ട്ര സഹകരണം, ലോക ബാങ്ക്‌ എന്നു വേണ്ട എല്ലാ കാര്യങ്ങളും ചര്‍ച്ചയിലൂടെ തീരുമാനമാകും.

അതിനു ശേഷം രാജ്യത്തലവന്മ്മാരും ഭാര്യമാരുംകൂടി, അവര്‍കൊണ്ടുവന്ന ഭക്ഷണ സാധനങ്ങള്‍ മക്കളെയും കൂട്ടി സോമന്‍ സാറിനൊടൊപ്പമിരുന്നു ഭക്ഷിച്ചു കൈയ്യുംകൊടുത്തു പിരിയും....

എല്ലാ വീടിന്റെ മുമ്പിലും അവരവരുടെ രജ്യത്തിന്റെ പേരെഴുതിയ ബോര്‍ഡ്‌ സ്ഥാപിച്ചിരുന്നു. ഈ സ്നേഹ സമൂഹത്തിന്റെ പൊതുവായ ബോര്‍ഡാണു നമ്മുടെ കവലയില്‍ കണ്ട "സ്നേഹ ദ്വീപ്‌ 2 കി.മി."

കോളനിയില്‍ സോമന്‍ സാറിന്റെ സ്നേഹ ദ്വീപ്‌ ആശയം വലിയ മാറ്റങ്ങള്‍ വരുത്തി. പരസ്പരം സ്നേഹിക്കുവാനും സഹായിക്കുവാനും അവര്‍ മത്സരിച്ചു.

ദ്വീപ്‌ തുടങ്ങുന്നതിനുമുമ്പ്‌ ചെത്തുകാരന്‍ ഭാസ്കരന്‍ തന്റെ വീട്ടിലോട്ടു കടക്കാന്‍ ഒരു മുള്ളുകമ്പി വേലിയുടെ അടിയിലൂടെ ഇഴയണമായിരുന്നു...അയാളുടെ ഭാര്യയുടെ എത്രയോ സാരികള്‍ ഈ ഇഴച്ചിലിനിടയില്‍ മുള്ളുകമ്പിയില്‍ ഉടക്കി കീറിപ്പോയിരുന്നു...ഇപ്പോള്‍ അമേരിക്കയുടെ മുറ്റത്തുകൂടി എപ്പൊള്‍ വേണമെങ്കിലും നീണ്ടു നിവര്‍ന്നു നടന്നുപോകാം.

ഇങ്ങനെ ഒരുപാട്‌ ഒരുപാട്‌ നല്ലകാര്യങ്ങള്‍ കോളനിയില്‍ ഉണ്ടായപ്പോള്‍ കോളനി അക്ഷരാര്‍ത്ഥത്തില്‍ സ്നേഹ ദ്വീപായി മാറുകയായിരുന്നു. മാറ്റം എല്ലാമേഘലയിലും ശ്രദ്ധിക്കപ്പെട്ടു...

ആകാശവാണിയുടെ പ്രഭാത ഭേരി ഒരിക്കല്‍ ഈ സ്നേഹ കോളനിയെപ്പറ്റി പറഞ്ഞു, പത്രങ്ങളായ പത്രങ്ങള്‍ ഒക്കേയും സ്നേഹ ദ്വീപിനെയും അതിലെ അന്തേവാസികളെയും സോമന്‍സാറിനേയുംകുറിച്ചു ഫീച്ചറുകള്‍ എഴുതി.

ഇതെല്ലാം കഴിഞ്ഞകഥകള്‍...ഇന്നു ഞങ്ങളുടെ കവലയിലൂടെ കടന്നുപോകുന്നവര്‍ക്കു സ്നേഹദ്വീപിന്റെ ബോര്‍ഡ്‌ കാണാനുള്ള ഭാഗ്യമില്ല...ദ്വീപു പൊളിഞ്ഞു പഴയ തല്ലിപ്പൊളികോളനിയായിമാറി. ദ്വീപിന്റെ രാഷ്ട്ര പിതാവ്‌ സോമന്‍സാര്‍, "ഇനി ഒരിക്കലും ഞാന്‍ സ്നേഹ ദ്വീപുണ്ടാക്കുന്ന പ്രശ്നമേയില്ല ...ഇനി അഥവ ഉണ്ടാക്കിയാല്‍ തന്നെ വെറും ദ്വീപുമാത്രമേ ഉണ്ടാക്കുകയുള്ളു" എന്നുമ്പറഞ്ഞാണു കവലയിലെ സ്കൂളില്‍നിന്നും അവധിയെടുത്തുപോയത്‌ (പിന്നീടു തിരിച്ചുവന്നിട്ടില്ല...ഇന്നുവരേ).

സ്നേഹ ദ്വീപിനു സംഭവിച്ചത്‌ എന്താണെന്നുവച്ചാല്‍.... സ്നേഹം കൂടിപ്പോയി...അല്ലതെന്താ പറയുക... എവിടെയും കുഴപ്പങ്ങള്‍ക്ക്‌ തുടക്കമിടുന്നത്‌ ബുഷല്ലേ ഇവിടെയും അതുതന്നെ സംഭവിച്ചു. ഇറാക്കിന്റെ പ്രസിഡന്റ്‌ സദ്ധാം അളിയന്റെ വീടുപണി പ്രമാണിച്ചു കട്ടപ്പനക്കു പോയതക്കംനോക്കി അയാളുടെ ഭാര്യയേയും കൊണ്ടു അമേരിക്കന്‍ പ്രസിഡന്റ്‌ ബുഷ്‌ അടിമാലിയില്‍ മാറ്റിനികാണാന്‍ പോയി...

ഇതു അയല്‍ രാജ്യങ്ങള്‍ കാണുകയും അവര്‍ വഴി സദ്ധാം അറിയുകയും ചെയ്തപ്പോളാണു സ്നേഹ ദ്വീപില്‍ ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്‌.

11 comments:

G.manu said...

ബെന്നീ......നിണ്റ്റെ ഭാഷ സുപ്പര്‍ അവുന്നു...കൊടു കൈ...(മീശ രഹസ്യം ഇതുവരെ പറഞ്ഞില്ല.... )

Pls disable popup option for comments...

ഉത്സവം said...

സുന്ദരോ...ഹോ എന്തൊരു സുഖമാല്ലേ ആ വിളി കേള്‍ക്കാന്‍...
ഇതിപ്പോ യുദ്ധമല്ലേ, തേങ്ങയൊന്നും പോരാ..ഇന്നാ ഒരു ബോംബ് തന്നെ ഇരിയ്ക്കട്ടെ ഭും!!!!
ആ മീശ കണ്ട് ഒന്ന് ഞെട്ടി പക്ഷേ പോസ്റ്റ് വായിച്ച് പൊട്ടിച്ചിരിച്ചു. ആ ക്ലൈമാക്സ് ക്ഷ പിടിച്ചു...തകര്‍പ്പന്‍!

OT: പോപ്പപ്പ് വിന്റൊ കമന്റില്‍ നിന്ന് മാറ്റിയാല്‍ കമന്റിങ്ങ് എളുപ്പമാവും.
അതുപോലെ ഒരു പോസ്റ്റിട്ടാല്‍ ഇന്ത്യയുടെ കീഴെ ശ്രീലങ്ക എന്ന പോലെ ഒരു കൊച്ച് കമന്റ് കൂടി ഇടുക. എല്ലാവര്‍ക്കും പുതിയ പോസ്റ്റ് വന്നത് എളുപ്പം കാണാന്‍ കഴിയും.

sandoz said...

സുന്ദരാ...ഈ മാതിരി അലക്ക്‌ അലക്കിയേച്ച്‌ ഒന്നും മിണ്ടാതെ ഇരുന്നാല്‍ ഞങ്ങള്‍ എങ്ങിനെയാ അറിയണത്‌.

ഇപ്പൊ ഉത്സവത്തിന്റെ കമന്റ്‌ കണ്ടത്‌ കൊണ്ട്‌ കേറി....അല്ലെങ്കില്‍ നഷ്ടം മാഷിനല്ലാ..ഞങ്ങള്‍ക്കാ...

വേണു venu said...

ഒരു ക്ലാസ്സുപോലുമെടുക്കാതെ മൊത്തംസ്കൂളിനും അവധി കൊടുത്തു മടങ്ങേണ്ടിവന്നേനെ പാവം സാറിനു.
നല്ല അലക്കന്‍ ഭാവനകളുമായിതും താങ്കളുടെ പേരു പോലെ....സുന്ദരന്‍.

സുന്ദരന്‍ said...

മനുവിനും ഉത്സവത്തിനും സാണ്ടോസ്‌ നും സുന്ദരന്റെ നന്ദി..
ഇതുവരെ കമന്റിട്ടവരൊടും ഇനി ഇടുന്നവരോടും ഈ ബ്ലോഗിന്റെ പേരിലും എന്റെ സുന്ദരമായ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നതിനൊപ്പം ഒരു കാര്യം...
ഞാന്‍ ബ്ലോഗില്‍ പുതിയവന്‍...പലകാര്യങ്ങളും പഠിച്ചുവരുന്നതെയുള്ളു....

പിന്നെ സ്വന്തമായി ഇതുവരയും ഒരു വള്ളവും വലയും (സിസ്റ്റവും നെറ്റും) ഇല്ലാതവനാണു ....ഒരുപാടു പരിമിതികളുണ്ട്‌...

അഭിപ്രായങ്ങളും ഉപദേശങ്ങളും ആരില്‍നിന്നും ഏതുറക്കത്തില്‍ കിട്ടിയാലും സ്വീകരിക്കാന്‍ തയ്യാറായി...സുന്ദരന്‍ കാത്തിരിക്കുന്നു...ഈ ബ്ലോഗാകുന്ന കടലിന്റെ തീരത്ത്‌.

സുന്ദരന്‍ said...

എന്റെ മീശകണ്ട്‌ രസിക്കാതെ പലരും എന്റെ ബ്ലോഗില്‍ തിരിഞ്ഞുപോലും നോക്കാതെ പോകുന്നു എന്നറിയുന്നതില്‍ സങ്കടമുണ്ട്‌ ....വളരെ പാടുപെട്ട്‌ കരടിനെയ്‌ ഒക്കെ തേച്ചു വളര്‍ത്തിയ ഈ മീശയിലാണെന്റെ കുടുമ്പ ജീവിതം തന്നെ പിടിച്ചു നില്‍ക്കുന്നത്‌.....ഈ പാവം മീശയുടെ രഹസ്യം അടുത്ത പോസ്റ്റില്‍ പറയാം....എല്ലാരും വായിക്കണെ....എന്നു സുന്ദരമായ മനസ്സുള്ളവന്‍ സുന്ദരന്‍

ദിവാ (ദിവാസ്വപ്നം) said...

സുന്ദരോഓഓഓഓഓ....

കഥ ഇഷ്ടപ്പെട്ടു. അവസാനം ധ്ര്^തി പിടിച്ച് നിര്ത്തിയതുപോലെ തോന്നി. പഴയ കഥകളൊക്കെ ഒന്ന് വായിക്കട്ടെ :)

പ്രൊഫൈലിലെ കപ്പഡാമീശ കണ്ട് പേടിച്ചിട്ടാണോ പലരും ഈ വഴി വരാത്തതെന്ന് എനിക്ക് ബലമായ ഡൌട്ടുണ്ട്. ഒന്നുകില്‍ ചിരിച്ചോണ്ടിരിക്കുന്നത്, അല്ലെങ്കില്‍ ബുദ്ധിജീവി ടൈപ്പില്‍ എയര്‍ പിടിച്ച് നില്ക്കുന്നത് - ഇതില്‍ രണ്ടില്‍ ഏതായാലും കുഴപ്പമില്ലെന്ന് തോന്നുന്നു :-))

ബിന്ദു said...

അവസാനം ശുഭകരമായിരുന്നെങ്കില്‍ നമ്മടെ ബൂലോഗത്തിനും ഇങ്ങനെ വല്ല പേരും ഇടായിരുന്നു.:)അവസാനം ധൃതിപിടിച്ചുനിര്‍ത്തിയതു പോലെ എനിക്കും തോന്നി, എന്നാലും രസമുണ്ടായിരുന്നു വായിക്കാന്‍. ഒരാള്‍ക്കു ഒരു ദുര്‍ബുദ്ധി തോന്നിയതിന്റെ ഗുലുമാലെ...
:)

സന്തോഷ് said...

സുന്ദരാ, നന്നായിരിക്കുന്നു.

നന്ദു said...

സുന്ദരന്‍, വളരെ സുന്ദരമായിട്ടുണ്ട്.
സ്നേഹദ്വീപിലെ സ്നേഹം കെടാതിരിക്കട്ടേ.

ഓ:ടോ:
അടിമാലി വഴി മൂന്നാറിനു പോകുമ്പോള്‍ വെള്ളത്തൂവല്‍ കഴിഞ്ഞല്ലെ പോകേണ്ടതു?

saumya said...

ente bennychetta,ingane nuna parayalle.....i vella thooval enna sthalam njangalu kekathathum kanathathum onnumallato.i foto kandal post vayikkathe alkkaru pedichodum veerappanannu karuthi,so...................... endoru kalakka kalakkane ente sundara,last aradhakaru valayuo?