Monday, 29 January, 2007

കല്യാണക്കോടി

എന്റെ വല്യേട്ടനു കെട്ടുപ്രായം കഴിഞ്ഞെന്നും ഇനി പുരനിറഞ്ഞുകവിയുംമുമ്പെ കല്യാണം നടത്തിവിടണമെന്നും തലയ്ക്കുമൂത്തവരിരുന്ന സദസ്സില്‍ ആദ്യമായി അവതരിപ്പിച്ചതാരാ?
...ഈ ഞാന്‍.

സമ്മാനമായി അമ്മയുടെ വക കിഴുക്ക്‌ അപ്പോള്‍ത്തന്നെ കിട്ടി....
പിള്ളവായില്‍ വല്യ വര്‍ത്തനം പറഞ്ഞെന്നോ, തലകള്‍ ഒരുപാടിരുന്നപ്പോള്‍ വാലിട്ടനക്കിയെന്നോ ഒക്കെയുള്ളകുറ്റങ്ങളാണു ഒരു നല്ലകാര്യത്തിനിറങ്ങിപ്പുറപ്പെട്ടവന്റെ തലയില്‍ കിഴുക്കിന്റെ രൂപത്തില്‍ വന്നുപതിച്ചതു.

എക്സ്‌ മിലട്ടറിക്കാരന്‍ എന്റെ അപ്പൂപ്പന്‍ പോലും അന്നെന്നെ സപ്പോര്‍ട്ടുചെയ്തില്ല.
സ്വന്തം കൊച്ചുമോനെ ശത്രുക്കളില്‍നിന്നും കാക്കാന്‍ കഴിയാത ഈ മനുഷ്യനെ ഒക്കെ പിടിച്ചു മാതൃരാജ്യത്തിന്റെ മാനം കാക്കാന്‍ നിറുത്തിയവരെ പറഞ്ഞാല്‍മതിയല്ലൊ. വേറെ ഒരിടത്തും ചിലവാകാത്ത പട്ടാള ബഡായികളുമായി ഇനി ഇങ്ങുവരട്ടെ എന്റെ പട്ടിയിരുന്നുകൊടുക്കും കേള്‍ക്കാന്‍...

എല്ലാവര്‍ക്കും വെറും ജാഡാ... അല്ലാതെന്താ...അല്ലെങ്കില്‍ പിറ്റേന്നു വെളുപ്പിനു ബെഡ്കട്ടന്‍കോഫീ കൊണ്ടുവന്ന അമ്മയോടു അപ്പച്ചന്‍ സ്വരംതാഴ്ത്തി ഇങ്ങനെ പറയില്ലായിരുന്നല്ലോ...
"കുഞ്ഞേലി ...മൂത്തവനെ നമുക്കിനി ഇങ്ങനെ വിട്ടാല്‍ മതിയോ...എവിടെയെങ്കിലും പിടിച്ചു കുരുക്കണ്ടേ"

മൂത്ത മകന്റെ വിവാഹമാണീ കുരുക്ക്‌ എന്ന വാക്കിനാല്‍ അപ്പച്ചന്‍ ഉദ്ധേശിച്ചത്‌ ... (അനുഭവത്തില്‍നിന്നൊരുപാടു കാര്യങ്ങല്‍ പഠിച്ചിട്ടുള്ളവനാണെന്റെ അപ്പച്ചന്‍.)

വല്യേട്ടനോടു ഒരു വിരോധവും ഉണ്ടായിട്ടല്ല ഞാന്‍ ചേട്ടന്‍ പുരനിറഞ്ഞുകവിയുന്നു എന്നു പറഞ്ഞത്‌...പാണ്ടിലോറി സ്പീടില്‍ പോകേമില്ല കാറിനെയൊട്ടു കടത്തി വിടുകേമില്ല എന്നുപറഞ്ഞ രീതിയില്‍ ചിന്തിക്കാനുള്ള പ്രായവും അന്നെനിക്കില്ല... പിന്നെ ഞാനെന്തിനാണങ്ങിനെ പറഞ്ഞെതെന്നുവച്ചാല്‍ കല്യാണമങ്ങു നടക്കുകയാണെങ്കില്‍ കുറെ ദിവസത്തേയ്കു നല്ല അരങ്ങായിരിക്കും...വിരുന്നുകാരുവരും കൂട്ടുകാരുവരും കൂടെക്കൂടെ സദ്യകള്‍ യാറ്റ്രകള്‍ ...ഇതിനെല്ലാം പുറമെ ഉറപ്പായും ഒരു പുത്തന്‍ ഷര്‍ട്ടും നിക്കറും കിട്ടും.

കല്യാണത്തിനു മുന്നോടികളായ ദല്ലാളുമാര്‍ തലങ്ങും വിലങ്ങും പായാന്തുടങ്ങി...
വളരെയധികം കളര്‍ഫോട്ടൊകള്‍ നിറച്ച ഡയറിയുമായി കൂടെക്കൂടേ വീട്ടില്‍ വരുകയും... കുശാലായി ഭക്ഷണം കഴിക്കുകയും... വഴിച്ചെലവിനുള്ള കാശുവാങ്ങി- വീണ്ടും വരാന്‍വേണ്ടി തിരിച്ചുപോപുകയും ചെയ്തു.

എന്നാല്‍ കല്യാണം കഴിക്കേണ്ടുന്ന എന്റെ വല്യേട്ടനാകട്ടെ ഇപ്പോള്‍ എനിക്കൊട്ടും സമയമില്ല.. വല്ലാത്ത തിരക്കാണു..പിന്നെ എപ്പൊഴെങ്കിലും കല്യാണം കഴിക്കാം... എന്നെല്ലാം പറഞ്ഞുനടക്കാന്‍ തുടങ്ങി.

ഇഷ്ടന്‍ രാവിലെ എട്ടുമണിക്കെഴുന്നേല്‍ക്കും പ്രഭാത കൃത്യങ്ങല്‍ ‍കഴിഞ്ഞ്‌ കിണറ്റിങ്കരയില്‍പോയ്‌ ഒരുമണിക്കൂര്‍ കുളിയാണു...അരമണിക്കൂറൊക്കെ കാലുകല്ലില്‍ ഉരച്ചുനില്‍ക്കും...
ചേട്ടന്‍ കാലുരച്ചു അലക്കുകല്ലുതന്നെ പകുതിയോളം തേഞ്ഞുപോയി എന്നണു അമ്മ ഒരിക്കല്‍ പറഞ്ഞതു.

കുളികഴിങ്ങാല്‍ പിന്നെ ആഹാരം കഴിച്ചു നല്ല പാന്റും ഷര്‍ട്ടും ഒക്കെയിട്ടു പുള്ളിക്കാരന്‍ അടുത്തുള്ള കോപ്പറേറ്റീവു ബാങ്കില്‍ ജോലിക്കുപോകും. ജോലികഴിഞ്ഞാല്‍ നേരെ ക്ലബില്‍...അവിടെ ചെസ്സ്‌ ബോര്‍ഡില്‍ കറുപ്പിനഴക്‌ വെളുപ്പിനഴക്‌...രാത്രി വീട്ടില്‍ തിരിച്ചുവരും ആഹാരം കഴിക്കും ഉറങ്ങും ....

ഭയങ്കര തിരക്കു തന്നെ ...കല്യാണം കഴിക്കാന്‍ പോലും സമയമില്ലാത്ത തിരക്ക്‌!!!

പരുമല പള്ളീലോട്ടു രണ്ടു നേര്‍ച്ച അമ്മയങ്ങു നേര്‍ന്നപ്പൊള്‍ വല്യേട്ടന്റെ തീരുമാനത്തില്‍ ചെറിയ ഒരു ഭേത്ഗതിയുണ്ടായി....വേണമെങ്കില്‍(!) പോയി പെണ്ണിനെ ഒന്നു കണ്ടുവരാം...അത്രമാത്രം.

കിളിപോലുള്ള പെണ്ണാ... കണ്ടാല്‍ അപ്പൊള്‍തന്നെ കെട്ടിക്കൊണ്ടുപോരാന്‍ തോന്നും എന്നു മൂന്നാന്‍ അവകാശപ്പെടുന്ന ഒരു പെണ്ണിനെ കാണാന്‍ ഒരു ഞായറാഴ്ച്ച ചേട്ടന്‍ പോവുകയുണ്ടായി.
ആ പെണ്ണിനു നിറം പോര എന്ന കാരണം പറഞ്ഞൊഴിഞ്ഞു.

രണ്ടാമതൊരു കിളിക്കു മുടിപോരാ...മൂന്നമതൊരു കിളിക്കു ഉയരം കുറവു.....അങ്ങിനെ പലപല മൂന്നാമാരുടെ പലപല കിളികള്‍ക്കു പലപല കുറ്റങ്ങള്‍ ചേട്ടന്‍ കണ്ടുപിടിച്ചു...

പെണ്ണുകാണല്‍ചടങ്ങു കഴിഞ്ഞു വരുമ്പോള്‍ പെണ്ണിനെ ഇഷ്ടമായോ എന്നു ചോദിക്കുന്നതിനുപകരം ചായേം പലഹാരങ്ങളും എങ്ങിനെയുണ്ടായിരുന്നു എന്നയി ഞങ്ങലുടെ ചോദ്യം..

കിളികള്‍ പതിനാറുകഴിഞ്ഞു...

പതിനേഴാമത്ത്‌ കിളിക്കൊരുകുറ്റവും പറയാന്‍ ചേട്ടനു കഴിഞ്ഞില്ല ...
അതിനുള്ള സമയം അവള്‍കൊടുത്തില്ല എന്നു പറയുന്നതാവും ശരി. എനിക്കീ ചെക്കനെ വേണ്ട എന്നവള്‍ അകത്തു നിന്നു പറയുന്നതു നമ്മുടെ ചേട്ടനും കൂടെപ്പോയവരും കേള്‍ക്കാനിടയായി...

അതേതായാലും നന്നായി...പതിനെട്ടാമത്തെ, ഉയരവും മുടിയും കുറഞ്ഞ കിളിയെ കണ്ടിട്ടു ചേട്ടന്‍ ഒരു കുറ്റവും പറഞ്ഞില്ല കല്യാണം ഉറപ്പിക്കുകയും ചെയ്തു.

കല്യാണക്കോടി എടുത്തപ്പൊള്‍ എനിക്കും കിട്ടി നല്ലൊരു ഷര്‍ട്ടും നിക്കറും തുന്നാനുള്ള തുണി.

എല്ലാ പ്രാവശ്യവും നിക്കറുതുന്നാന്‍ അളവെടുക്കുമ്പോല്‍ എന്റെ അപ്പച്ചന്‍ തുന്നല്‍ക്കാരനോടു പറയും " ഗോപീ..ഇത്തിരി വലുപ്പം കൂട്ടിത്തയിച്ചൊ...ചെക്കന്‍ വളരുകയല്ലെ"...

ഗോപി അതുകേട്ടു രണ്ടിഞ്ചു കൂട്ടിയങ്ങു തുന്നും... ഞാന്‍ എങ്ങിനെ വളരാന്‍... നിക്കറുവലിയതാണല്ലോന്നും പറഞ്ഞെന്റെ ഇഷ്ടംപോലെ കേറിയങ്ങു വളരാന്‍ പറ്റുമോ? ഒരു കൈ സപ്പൊര്‍ട്ട്‌ വെണ്ടാത്ത നിക്കറുകള്‍ എന്റെ ചെറുപ്പകാലത്തു ഞാന്‍ ഉപയോഗിച്ചിട്ടില്ല ....

അന്നൊക്കെ എന്തെങ്കിലും അസുഖം പ്രമാണിച്ചു ആശുപത്രിയില്‍ എനിക്കു പോകേണ്ടിവരുകയും അരയ്ക്കൊരു കുത്തുതരാന്‍ ഡോക്ടര്‍ക്കു തോന്നുകയും ചെയ്താല്‍ ...നിക്കറിന്റെ ബട്ടന്‍സഴിക്കു എന്നെന്നൊടു പറയേണ്ടകാര്യമില്ല...നിക്കറേന്നു കൈയ്യെടുത്തേ... എന്നു മാത്രം പറഞ്ഞാല്‍മതി.

ഈ വിഷമ പ്രശ്നം മറികടക്കാന്‍ എനിക്കുപായം പറഞ്ഞുതന്നതു അയല്‍വാസ്സിയും ബന്ദുവുമായ ജേക്കബാണു...
"ഇനി മേലാല്‍ നിക്കറിനളവുകൊടുക്കുമ്പോള്‍ വയറു കമ്പ്ലീറ്റ്‌ ചുരുക്കിപിടിക്കണം... തുന്നല്‍ക്കരന്‍ രണ്ടിഞ്ചു കൂട്ടിപിടിക്കും...നമ്മളു രണ്ടിഞ്ചു കുറച്ചുമ്പിടിക്കും...നിക്കര്‍ അരയില്‍ത്തന്നെ കിടക്കുകയും ചെയ്യും".

ഈ ജേക്കബ്‌ ശരിക്കും ഞങ്ങളുടെ കവലയിലൊന്നും ജനിക്കേണ്ടവനല്ല എന്ന് എനിക്കന്നുതോന്നിയതാണു.

കല്യാണക്കോടി തയിച്ചപ്പൊള്‍ ഞാന്‍ തുന്നല്‍ക്കാരന്‍ ഗോപിയുടെ അളവു ടേപ്പിനുമുമ്പില്‍ ജേക്കബീയെന്‍ ഫോര്‍മുലയില്‍ വയര്‍ രണ്ടിഞ്ചു ചുരുക്കിപ്പിടിച്ചുനിന്നുകൊടുത്തു....

അപ്പ്രാവിശ്യം അപ്പച്ചന്‍ എന്റെ വളര്‍ച്ചയില്‍ ഒട്ടും ബോതറായിരുന്നില്ല..ഒന്നും മിണ്ടാതെ നിന്നുകളഞ്ഞു. പിന്നെ ഒരു വര്‍ഷക്കാലത്തോളം ഞാനനുഭവിച്ച ശ്വാസംമുട്ടല്‍......
ഇതൊന്നും പുള്ളിക്കരനറിയെണ്ടകാര്യമില്ലല്ലോ.

7 comments:

Anonymous said...

താങ്കളുടെ മുന്‍പോസ്റ്റുകള്‍ എല്ലാം വായിച്ചിരുന്നു. പക്ഷെ ഭ്രഷ്ടായിരുന്നതു കാരണം അതിയായ ആഗ്രഹവുമുണ്ടായിരുന്നെങ്കിലും ഇതു വരെ ഒന്നു കമന്റാന്‍ സാധിച്ചിരുന്നില്ല.
എല്ലാം ഒന്നിനൊന്നു നന്നാവുന്നുണ്ട്.. തുടരുക.

ഭാവുകങ്ങള്‍

Nousher

ചേച്ചിയമ്മ said...

ഹ...ഹ... ശ്വാസം ഉള്ളില്‍ പിടിച്ചുള്ള ആ നില്‍പ്‌ ആലോചിച്ച്‌ ചിരിച്ചുപോയതാ.
നന്നായി എഴുതിയിരിക്കുന്നു.

ചേച്ചിയമ്മ said...

ഹ...ഹ... ശ്വാസം ഉള്ളില്‍ പിടിച്ചുള്ള ആ നില്‍പ്‌ ആലോചിച്ച്‌ ചിരിച്ചുപോയതാ.
നന്നായി എഴുതിയിരിക്കുന്നു.

ദിവാ (ദിവാസ്വപ്നം) said...

that was really funny :)

(most people dont keep their comments in a pop-up window, since it is uncomfortable for commentors)

സതീശ് മാക്കോത്ത് | sathees makkoth said...

കലക്കീട്ടോ
അവസാനം ചിരിച്ചു പോയ് :)

വേണു venu said...

ഇപ്പോള്‍ ഇറ്റലിയിലാണല്ലെ.
എന്താ പെരുമഴയാശാനേ. ചിരിച്ചു ചിരിച്ചാ വെള്ള പാച്ചിലില്‍ ...ഞാന്‍ അത്ഭുതപ്പെട്ടു എന്നു തന്നെ പറയട്ടെ. ഓര്‍മ്മകളില്‍ പലപ്പോഴും മറന്നു പോകുന്ന ഹാസ്യ തന്ത്രികളെ താങ്കള്‍ക്കു് ഒരു വരി മറക്കാതെ അനുഭവിപ്പിക്കാന്‍ കഴിഞ്ന്ഞിരിക്കുന്നു.
മനോഹരം.

വേണു venu said...

ഇപ്പോള്‍ ഇറ്റലിയിലാണല്ലെ.
എന്താ പെരുമഴയാശാനേ. ചിരിച്ചു ചിരിച്ചാ വെള്ള പാച്ചിലില്‍ ...ഞാന്‍ അത്ഭുതപ്പെട്ടു എന്നു തന്നെ പറയട്ടെ. ഓര്‍മ്മകളില്‍ പലപ്പോഴും മറന്നു പോകുന്ന ഹാസ്യ തന്ത്രികളെ താങ്കള്‍ക്കു് ഒരു വരി മറക്കാതെ അനുഭവിപ്പിക്കാന്‍ കഴിഞ്ന്ഞിരിക്കുന്നു.
മനോഹരം.