Saturday, 27 January, 2007

എള്ളുണ്ട...

എന്റെ വീട്ടില്‍നിന്നും കവലയിലിറങ്ങി മുസ്ലീം പള്ളിയുടെ താഴെക്കൂടിപോകുന്ന വഴിയിലൂടെ പോയാല്‍ നാലാമതു കാണുന്ന വീടാണു മനുവിന്റെത്‌. പച്ചച്ചായമടിച്ച ആ വീടിന്റെ മുറ്റത്തു നില്‍ക്കുന്ന നിറയെ കായ്ച്ച ചാമ്പമരം വഴിയിലൂടെ പോകുന്ന കുട്ടികളെ കുറച്ചൊന്നുമല്ലപ്രലോഭിപ്പിച്ചിട്ടുള്ളത്‌.

ഒഴിവുസമയങ്ങളില്‍ മനുവിന്റെ വീട്ടില്‍പോകാന്‍ പല പല കാരണങ്ങള്‍ നിരത്തി അമ്മയോട്‌ അനുവാദം ചോദിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ ചെമപ്പു കിങ്ങിണികളും തൂക്കിനില്‍ക്കുന്ന ആ ചാമ്പമരം തന്നെ ആയിരിക്കും.

മനുവിന്റെ വീട്ടിലോട്ട്‌ കൂടെക്കൂടെ പോകാന്‍ പ്രലൊഭിപ്പിക്കുന്ന മറ്റു ചില ഘടകങ്ങളും അന്നുണ്ടായിരുന്നു.

അതിലൊന്ന് ഞങ്ങളുടെ കവലയില്‍ മനുവിന്റെ വീട്ടിലൊഴികെ മറ്റൊരുവീട്ടിലും അന്നു കളര്‍ ടി.വി. ഇല്ലായിരുന്നു എന്നതാണു. അവന്റെ ചിറ്റയുടെ ഭര്‍ത്താവ്‌ ഗള്‍ഫില്‍നിന്നും കൊണ്ടുവന്ന അടിപൊളി കളര്‍ ടി.വി.യില്‍ ശനിയാഴ്ച്ചതോറും തിരുവനന്തപുരം ദൂരദ്ര്ശന്റെ മലയാള സിനിമകാണാന്‍ ഒരു കല്യാണവീട്ടില്‍ കൂടുന്ന അത്രയും ആളുകള്‍ കൂടാറുണ്ടായിരുന്നു.

"ദിവാകരനു നമ്മളോടെന്തോ കടുത്തവിരോതം ഉണ്ടു...അതല്ലെ ഈ കുന്ത്രാണ്ടം ഇവിടെ കൊണ്ടുവന്നു പിടിപ്പിച്ചിട്ടു പോയതു..." നാട്ടുകാരുടെ തിരക്കുകാരണം നേരേചൊവ്വേ ഒന്നു നാമം ജപിക്കാന്‍കൂടി കഴിയാത വിഷമത്തിലായിരുന്നു മനുവിന്റെ മുത്ത്ശ്ചന്‍.

ഇതിനെല്ലാം പുറമെ മനുവിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ അമ്മ ഉണ്ടാക്കുന്ന നാലുമണി പലഹാരം കൂട്ടിയുള്ള ചായകുടി.... ഒരു ദിവസം വാഴയിലയില്‍ പരത്തിയ അടയാണെങ്കില്‍ പിറ്റേദിവസം ഉണ്ണിയപ്പം..പിന്നെ അരിയുണ്ട... അച്ചപ്പം... മുറുക്ക്‌... അങ്ങിനെ പോകും കാര്യങ്ങള്‍.

എന്റെ വീട്ടിലാകട്ടെ പലഹാരങ്ങല്‍ ഉണ്ടാക്കുന്നതു ക്രിസ്തുമസ്സിനും പിന്നെ പെങ്ങളെകെട്ടിച്ചയച്ച വീട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോളും മാത്രമാണു.

മനുവും അവന്റെ അനിയന്‍ വിനുവും ഞാനും പലഹാരവും ചായയും ആസ്വതിച്ചകത്താക്കുമ്പൊള്‍ മുത്തശ്ചനെന്നും ഒരതൃപ്തിയാണു. എത്രനല്ല പലഹാരങ്ങല്‍ കിട്ടിയാലും ഇതൊന്നും എള്ളുമ്പിണ്ണാക്കില്‍ കരിപ്പെട്ടിച്ചക്കര ചേര്‍ത്തിടിച്ചതിന്റെ ഒപ്പം ഒക്കുകില്ല എന്നാണു മൂപ്പരുടെ പക്ഷം.

മനുവിന്റെ അച്ഛന്‍ വില്ലേജോഫീസറാണു. അവധി ദിവസ്ങ്ങളില്‍ മാത്രമേ പകല്‍സമയം വീട്ടിലുണ്ടാകാരൊള്ളു. ഉള്ളപ്പോള്‍ മുതശ്ച്നുമായി ഈ എള്ളുമ്പിണ്ണാക്കിന്റെ കാര്യംപറഞ്ഞിടയാറുണ്ട്‌.

"അച്ഛന്‍ പണ്ടു രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ആഹാരസാധനങ്ങള്‍ ഒന്നും കിട്ടനില്ലാത്ത കാലത്ത്‌ കഴിച്ച കരിപ്പെട്ടീം പിണ്ണാക്കുമൊന്നും ഇപ്പൊള്‍ കഴിക്കേണ്ട ആഹാരമല്ല കഴിച്ചാലൊട്ടു നാവിനു പിടിക്കേയ്മില്ല" എന്നതാണു വില്ലെജോഫീസറുടെ അഭിപ്രായം. അതിനു, "നീ പോടാ എരണംകെട്ടവനെ" എന്നായിരിക്കും മുത്തശ്ചന്റെ മറുപടി.


മനുവിന്റെ ചിറ്റയും ഭര്‍ത്താവും അവധിക്കുവന്നപ്പോള്‍ മുത്തശ്ചനായിട്ടൊരു കമ്പിളി ബനിയനാണു അപ്പ്രാവശ്യം കൊണ്ടുവന്നതു. ബനിയന്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കിയ ശേഷം പുള്ളിക്കാരന്‍ ചോതിച്ചു അപ്പോള്‍ ഇപ്രാവശ്യവും ഞാന്‍ പറഞ്ഞ സാധനം കൊണ്ടുവന്നിട്ടില്ലല്ലേ...പറഞ്ഞ സാധനം വേറൊന്നുമല്ല ...എള്ളുമ്പിണ്ണാക്കും കരിപ്പെട്ടിച്ചക്കരയും.

അടുത്ത വീട്ടിലെ മാധവ്യേടത്തിയുടെ മകന്‍ സഹദേവന്‍ പട്ടാളത്തില്‍നിന്നും വന്നപ്പോള്‍ മുത്തശ്ചനെക്കാണാന്‍ വരികയുണ്ടായി. അന്നു പട്ടാളക്കാരുടെ പ്രിയപ്പെട്ട ത്രിഗുണന്‍ റം ഒരുകുപ്പി മുത്തശ്ചനു സമ്മാനിച്ചപ്പോള്‍ അവനോടും പഴയ ചോദ്യം ആവര്‍ത്തിക്കുന്നതുകേട്ടു......"അവിടെ എള്ളുമ്പിണ്ണാക്കും കരിപ്പെട്ടിച്ചക്കരയും കിട്ടുമോ?".

മുത്തശ്ചന്‍ ഇത്ര കാര്യമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഈ വിശേഷപ്പെട്ട പലഹാരം ഒന്നു തിന്നുനോക്കന്‍ എനിക്കും വിനുവിനും കലശലായ മോഹം തോന്നി...
മനു ഇമ്മാതിരി പരീക്ഷണങ്ങള്‍ക്കു അന്നും മുതിരില്ല ഇന്നും മുതിരില്ല.

ഏതായാലും ഞങ്ങള്‍ മുത്തശ്ചനോടു ഞങ്ങളുടെ ആഗ്രഹമറിയിച്ചു. ആരുടേയെങ്കിലും ഒരു സപ്പോര്‍ട്ടുകിട്ടാന്‍ നോക്കിയിക്കുകയായിരുന്ന മുത്തശ്ചന്‍... രാജിവയ്ക്കാന്‍ എന്തെങ്കിലും കാരണം നോക്കിയിരിക്കുന്ന എ.കെ. ആന്റണിയെപ്പോലെ.

പിറ്റേന്നൊരു ഞായറാഴ്ചയായിരുന്നു. മനുവിന്റെ അച്ഛനും അമ്മയും പത്തനംന്തിട്ടയിലുള്ള ഒരു സുഹൃത്തിന്റെ മകളുടെ കല്യാണത്തിനു പോയ സുന്ദര ദിവസം. മുത്തശ്ചന്റെ ചിരകാലമായിട്ടുള്ളതും, എന്റേം വിനുവിന്റേം ഇടക്കാലം കൊണ്ടുണ്ടായതുമായ ആഗ്രഹം സഫലീകരിക്കുവാനുള്ള പുണ്യദിവസം.

മുത്തശ്ചന്റെ പേഴ്സണല്‍ ഫണ്ടില്‍നിന്നും അനുവദിച്ച ഇരുപത്തിയഞ്ചു രൂപ കൊടുത്ത്‌ വാങ്ങിയ എള്ളിന്‍പിണ്ണാക്കും കരിപ്പെട്ടിച്ചക്കരയും ഉരലിലിട്ടു ചറപറാന്നിടിച്ചു. ഇടിച്ചിടിച്ചിടിച്ചു ഞങ്ങള്‍ ഒരുപരുവമായി...അവസാനം മുത്തശ്ചന്‍ ഒരു മുറത്തിലോട്ടു ഇടിച്ചു പതം വരുത്തിയ റോ മെറ്റീരിയല്‍സ്‌, ഫൈനല്‍ പ്രൊഡ്ക്ടായി ഉരുട്ടിയുരുട്ടി വച്ചു. അതിവിശിഷ്ടമായ ഉണ്ടകള്‍ മുറത്തോടുകൂടിത്തന്നെ എടുത്തു തീന്മേശയില്‍ വച്ചിട്ടു കസേരയിട്ടു ഞങ്ങള്‍ ചുറ്റിനുമിരുന്നു.

എന്നാല്‍ നമുക്കുതുടങ്ങാം എന്നു പറയെണ്ട താമസം ഞാന്‍ രണ്ടു കൈയിലും ഓരോന്നെടുത്തു...വിനു ഒരു കടിയേകടിച്ചൊള്ളു..അയ്യേ എന്നും പറഞ്ഞൊരേറായിരുന്നു...അല്‍പം നാവില്‍ വച്ചപ്പൊളേക്കും എനിക്കും ആ വിശിഷ്ടഭോജ്യം മതിയായി. ഇതു മുത്തശ്ച്ചനുമാത്രം പിടിക്കുന്ന അത്യപൂര്‍വമായ ഒരു പലഹാരമായിരിക്കും എന്നോര്‍ത്തിരിന്നപ്പോല്‍ മനുവിനോടായി മുത്തശ്ചന്‍ ഇങ്ങനെ പറയുന്നതുകേട്ടു...

"എടാ മനുവേ...വാടാ... കഴിച്ചോടാ നല്ലതാടാ .." മനു വന്നില്ല.....

"നിനക്കുവേണ്ടങ്കില്‍ അച്ഛന്‍ വരുന്നതിനുമുമ്പെ ഇതെല്ലാമെടുത്താ പശുവിനുള്ള കാടിവെള്ളത്തില്‍ തട്ടിയേരെ"....

മുത്തശ്ചന്‍ മുഖവും തുടച്ചെഴുന്നേറ്റുപോയി.

6 comments:

ചേച്ചിയമ്മ said...

:) പിന്നെയാരോടും ആ മുത്തച്ഛന്‍ എള്ളുമ്പിണ്ണാക്കും കരിപ്പെട്ടിചക്കരയും ചോദിച്ചിട്ടുണ്ടാവില്ലല്ലേ?

ശാലിനി said...

ഇതൊക്കെ മുത്തച്ഛന്മാരുടെ ഓരോ ആഗ്രഹങ്ങളല്ലേ! എള്ളുണ്ട ഉണ്ടാക്കുന്നത് എള്ളും ശര്‍ക്കരയും കൊണ്ടല്ലേ, ഇതെന്താ എള്ളുമ്പിണ്ണാക്ക്?

ദില്‍ബാസുരന്‍ said...

ഹ ഹ ഇത് കൊള്ളാം!
പണ്ട് ഒരു കവലയില്‍ തടിമാടനായ ഒരാള്‍ മുറുക്കാന്‍ കട നടത്തിയിരുന്നത്രേ. കവലയില്‍ എന്ത് അടിപിടി ഉണ്ടായാലും ഇയാള്‍ “ഞാനങ്ങോട്ട് ഇറങ്ങിവന്നാലുണ്ടല്ലോ എല്ലാറ്റിനേം..” എന്ന് പറഞ്ഞ് ജനത്തെ വിരട്ടി ഓടിയ്ക്കും. ഒടുവില്‍ ഒരു ദിവസം ഒരു നായ ഇയാളുടെ നേര്‍ക്ക് കുരച്ച് ചാടിയപ്പോഴാണ് ആള് വികലാംഗനാണെന്ന് മനസ്സിലാവുന്നത്. വികാലാംഗന്‍ പറയുന്ന “ഞാനങ്ങോട്ടിറങ്ങി വന്നലുണ്ടല്ലോ” എന്ന ഡയലോഗിന്റെ എഫക്റ്റായിപ്പോയി ഇത് മൊത്തം വായിച്ചപ്പോള്‍ എന്നാണ് പറയാന്‍ വന്നത്. :-)

കുറുമാന്‍ said...

"നിനക്കുവേണ്ടങ്കില്‍ അച്ഛന്‍ വരുന്നതിനുമുമ്പെ ഇതെല്ലാമെടുത്താ പശുവിനുള്ള കാടിവെള്ളത്തില്‍ തട്ടിയേരെ".... - ഇത് കലക്കി സുന്ദരാ

G.manu said...

എടാ ബെന്നി...
എനിക്കും മുത്തഛനും ഇട്ടു പണിഞ്ഞത്‌ പണ്ട്‌ നീ ഡെല്‍ഹിയില്‍ വച്ചു വാങ്ങി തന്ന് ആലു ചാറ്റ്‌, ചോലാ കുല്‍ച്ച, പനീര്‍ പക്കോട, തന്തൂരി ചിക്കന്‍ ഇത്യാദി ഉത്തരേന്ത്യന്‍ വിഭവങ്ങളുടെ രുചി ഓറ്‍ത്ത്‌ ഞാന്‍ ക്ഷമിച്ചിരിക്കുന്നു. പിന്നെ കൊടപ്പനക്കുന്നില്‍ സമ്പ്രേക്ഷണം തുടങ്ങി ഒരുപാട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രം ഒരു വീഡിയൊകോണ്‍ ടി.വി. വന്ന എണ്റ്റെ വീട്ടില്‍ പണ്ടെ അതുണ്ടെന്നു വെറുതെ കഥക്കു പൊടിപ്പു വക്കാന്‍ വേണ്ടി മാത്രം നീ പറഞ്ഞു സുഖിപ്പിച്ചതിനാലും. പിന്നെ, "ഞാനിനി ഡെല്‍ഹിക്കു പോകുന്നില്ല അപ്പൂപ്പാ എന്ന് പറഞ്ഞപ്പൊ "അയയില്‍ ഇട്ട കോണകം പോലെ" ഉറപ്പില്ലാത്തവനാവാതെടാ എന്ന ഉപദേശം തന്നു ചിരിപ്പിച്ച, വിയര്‍പ്പു തുല്ലികളില്‍ നിന്നു മഹാസാമ്രജ്യം ഉയര്‍ത്താമെന്ന് ഞങ്ങളെ പടിപ്പിച്ച ഇന്നു ആകാശത്ത്‌ നക്ഷത്രമായി എവിടെയൊ ഒളിച്ചു മിന്നുന്ന എണ്റ്റെ മുത്തഛനെ ഓര്‍മ്മിപ്പിച്ചതിനാലും...

നവരുചിയന്‍ said...

മനുമാഷിന്റെ ബ്ലോഗില്‍ കിടന് കറങ്ങുമ്പോള്‍ ആണ് ലിങ്ക് കണ്ടത് ..... പോസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു ...ഞാന്‍ മൊത്തം വായിക്കാന്‍ പോകുന്നു ..... ഞാന്‍ ഇതിന് മുന്പ് എവിടെ വന്നിടുണ്ടോ എന്ന് ഒരുമ ഡൌട്ട് ഇല്ലാതെ ഇല്ല ...... ഈ സുന്ദരന്‍ എന്ന പേരു എവിടെയോ കേട്ട പോലെ ..