Friday, 26 January, 2007

സജിമോനൊരുവാക്കുപറഞ്ഞാല്‍

ഫാസ്റ്റ്‌ ഫുഡ്‌ റെസ്റ്ററന്റുകള്‍ ധാരാളമുള്ള ഡെല്‍ഹിയിലെ നെഹ്രുപ്ലേസ്‌ എന്ന കവലയിലിലായിരുന്നു ജനിതക ശാസ്ത്ര വികസന കമ്പനിയുടെ ഓഫീസ്‌. അവിടെ പറഞ്ഞാല്‍ത്തന്നെ നാക്കുളുക്കുന്ന, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്‌ ആന്റ്‌ സര്‍വീസസ്സ്‌ ഡിവിഷന്‍ എന്ന ഡിപ്പാര്‍ട്ടുമെന്റില്‍ കുറെ മലയാളികള്‍ വാസമുറപ്പിച്ചിരുന്നു.

മാസാരംഭത്തില്‍ കിട്ടുന്ന ശമ്പളം മുഴുവന്‍ മാസത്തിന്റെ പകുതിപോലും എത്തുന്നതിനുമുമ്പെ ഫാസ്റ്റ്‌ ഫുഡ്‌ അടിച്ചുതീര്‍ക്കുന്ന മനുവും, വീട്ടില്‍സ്വന്തമായി ഗ്യാസ്‌ കണക്ഷനും ഓഫീസില്‍ ഭക്ഷണം കൊണ്ടുവരുവാന്‍ അന്‍സാല്‍ ടവറിനോളം ഉയരമുള്ള ടിഫിന്‍കാരിയരുമുള്ള സാബുവും അവിടുത്തെ പുലികളായിരുന്നു.

ഇവരുടെ ഇടയില്‍ ആരെ റോള്‍മോടലാക്കണം എന്ന ആശയക്കുഴപ്പത്തില്‍ ഞാന്‍ കുറേനാള്‍ വിഷമിച്ചു. മനുവിനെ മാതൃകയാക്കുന്നതിലും ഭേതം ശമ്പളംവാങ്ങി ഓട്ടയുള്ളപോക്കറ്റില്‍ ഇടുന്നതാണെന്നു മനസ്സിലായപ്പൊല്‍ ഞാന്‍ സാബു വിനെ അനുകരിക്കാന്‍ തീരുമാനിച്ചു.

അവിടെയും ചില പ്രശനങ്ങള്‍ എന്നിക്കു മറികടക്കാനുണ്ടായിരുന്നു. ഒരു ടിഫിന്‍ കാരീയര്‍ വാങ്ങാനല്ല പ്രയാസം അതുമായി ഓക്കലയില്‍നിന്നും ഓഫീസ്‌ ടൈമില്‍ ബെസ്സെടുത്ത്‌ നെഹ്രുപ്ലേസില്‍ എത്തുകാന്നുവച്ചാല്‍ നടക്കാത്ത കാര്യമാണു..ബെസ്സില്‍കയറ്റാനവമ്മാരു സമ്മതിക്കില്ല. ഒരു സൈക്കിള്‍റിക്ഷ പിടിക്കാന്നുവച്ചാല്‍ കാശൊരുപാടു ചെലവാകും...ഇനിയിതുംചുമന്നുകൊണ്ടു നടന്നുപോകാമെന്നുവച്ചാല്‍ അതിനുവെണ്ടത്ര സ്റ്റാമിന എനിക്കൊട്ടില്ലതാനും..(അല്ലായിരുന്നെങ്കില്‍ നിസ്സാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി ചുമടെടുത്തേനെ). അവസ്സാനം ഒരു പ്രതിവിധി കണ്ടെത്തി...ടിഫിന്‍കാരിയറിന്റെ നിലകളുടെ എണ്ണം കുറയ്ക്കാം...അപ്പോള്‍പിന്നെ എങ്ങോട്ടാ കുത്തബ്‌മിനാറും എടുത്തുകൊണ്ട്‌... എന്ന ആളുകളുടെ പരിഹാസവും കേള്‍ക്കേണ്ടിവരില്ലല്ലൊ.

അടുത്ത നടപടി ഒരു ഗ്യാസ്‌ കണക്ഷന്‍ ഒപ്പിക്കുക എന്നതാണു. ഒരു നൂതന്‍ മാര്‍ക്ക്‌ മണ്ണെണ്ണ സ്റ്റൗ കൊണ്ടൊന്നും ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ജീവിതം നടക്കില്ല. ഗ്യാസ്സ്‌ കണക്ഷനെടുക്കാന്‍ ഇന്‍ഡ്യന്‍, ഭാരത്‌ തുടങ്ങിയ ഏജെന്‍സികളുടെ ഓഫീസ്‌ കയറിയിറങ്ങി നടന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി...എല്ലാവര്‍ക്കും ഗ്യാസ്സ്‌ ആവശ്യത്തിലതികമുണ്ടെങ്കിലും ഒരു കണ്‍ക്ഷന്‍ തരാന്‍ തയ്യാറല്ല. അതിനു പേരു രജിസ്റ്റര്‍ ഒക്കെചെയ്തു കുറഞ്ഞതൊരു 5 വര്‍ഷമെങ്കിലും കാത്തിരിക്കണം.

അങ്ങിനെ ഞാന്‍ മനുവിന്റെ ഗ്രൂപ്പില്‍ വരുകയും, ഗ്യാസ്സ്‌ കണക്ഷന്‍ കിട്ടിയാലുടന്‍ സാബുവിന്റെ ഗ്രൂപ്പിലേക്കു കാലുമാറണം എന്നമോഹം ഉള്ളില്‍കൊണ്ടുനടക്കുകയും ...ഗ്യാസിനുവേണ്ടി കാത്തിരിക്കുകയും ചെയ്തു.

ഈകാലഘട്ടത്തിലാണു സജിമോന്‍ എന്ന ഒരു പുലി ( അല്ലങ്കില്‍ എന്തിനാ കുറയ്ക്കുന്നെ..സിംഹം) ഞങ്ങളുടെ ഓഫീസില്‍ വേറൊരു ഡിപ്പര്‍ട്ടുമെന്റില്‍ വന്നുചാടിയത്‌.

ഡിപ്പാര്‍ട്ടുമെന്റുകള്‍തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലമായിരുന്നു അത്‌. ഡി.ടി.പ്പി. എന്നാല്‍ എന്തോ മഹാ സംഭവമാണെന്നും, പേജ്‌മേയ്ക്കര്‍ ലോഡുചെയ്ത കമ്പ്യൂട്ടറിലും ഒരുലക്ഷത്തിയമ്പതിനായിരം വിലവരുന്ന ലേസര്‍പ്രിന്ററിലും ഒരുത്തന്‍ പോലും തൊട്ടുപോകരുതെന്നും പറഞ്ഞു കമ്പനിയിലെ ഒരെ ഒരു ഡി.ടി.പി.പി മെഷ്യനില്‍ സാബു അടയിരിക്കുന്ന കാലം. അടയിരിക്കുന്ന കോഴി അടുത്തുവരുന്നവരെ ഓടിച്ചിട്ടു കൊത്തുന്ന മാതിരി എല്ലാവരേം കൊത്തി ഓടിച്ചു സസുഹം വാണിരുന്ന കാലത്തായിരുന്നു സജിമോന്റെ അരങ്ങേറ്റം...സജിമോനാരാമോന്‍.. ഡി.ടി.പി. യുടെ ഉസ്ഥാതാതുമാരുടെ ഉസ്ഥാതാണു.


ആദ്യ ദിവസംതന്നെ രണ്ടു ഡി.ടി.പി.കളും തമ്മിലുടക്കി. നമ്മുടെ രഘുരാമനും ഭൃഘുരാമനും പോലെ....
ഞാനൊഴിഞ്ഞുണ്ടോ രാമനീത്രിഭൂവനത്തിങ്കല്‍
മാനവനായ ഭവാന്‍ ക്ഷെത്രിയനെന്നകിലും....

സജിമോന്‍ അന്നുവരെ ആരും പറയാന്‍ ധൈര്യപ്പെടാത്തതും എല്ലാരും പറയാന്‍ ആഗ്രഹിച്ചിരുന്നതുമായ ഒരു കാര്യം (സാബു കേള്‍ക്കാതെയാണെങ്കിലും) പറഞ്ഞു..."ഇതെന്നതാ അവന്റെ വീട്ടില്‍നിന്നും കൊണ്ടുവന്നതാണോ".

ആദ്യത്തെ ഇടച്ചിലുകള്‍ക്കു ശേഷം സജിമോന്‍ ഞങ്ങളുടെ ഒരു നല്ല സുഹൃത്തായിമാറി.ഏതു കാര്യവും തുറന്നുപറയാന്‍ പറ്റിയ ഒരു ഫ്രെണ്ട്‌.

ഒരു ദിവസം സംസാരത്തിനിടയില്‍ എന്റെ ഗ്യാസിന്റെ കാര്യവും ചര്‍ച്ചയില്‍ വന്നു. 2000 രൂപ മുടക്കിയാല്‍ ഒരു മാസത്തിനുള്ളില്‍ ഞാന്‍ ഗ്യാസുകണക്ഷന്‍ എടുത്തുകൊടുക്കും എന്നു സജിമോന്‍ പറഞ്ഞപ്പൊള്‍ ഞെട്ടിയതു ഞാങ്ങള്‍ മലയാളികള്‍ മാത്രമായിരുന്നില്ല കമ്പനി മൊത്തതിലായിരുന്നു.

എങ്ങിനെയാണിതു സാതിക്കുന്നതെന്നു മാറീം കേറീം ചോദിച്ചിട്ടും സജിമോന്‍ ഒന്നും വിട്ടുപറഞ്ഞില്ല. ഒന്നു മാത്രം പറഞ്ഞു..."സജിമോന്‍ ഒരു വാക്കുപറഞ്ഞാല്‍ പറഞ്ഞതാ". ചിലപ്പോല്‍ സജിമോനും രജനീകാന്തിന്റെ കൂട്ടത്തില്‍ പെട്ടതായിരിക്കും എന്നോര്‍ത്തു ഞങ്ങള്‍ അവനെ പരിപൂര്‍ണ്ണമായി വിശ്വസിച്ചു.

പിറ്റേദിവസ്സംതന്നെ രണ്ടായിരം രൂപ പലപ്രാവശ്യമെണ്ണി സജിമോനെ ഏല്‍പ്പിച്ചപ്പോള്‍ ഒരുകാര്യം മാത്രം പറഞ്ഞു..ചതിക്കരുതെ...ഒരുപാടു കഷ്ട്ടപ്പെട്ടു ജോലി ചെയ്തുണ്ടാകിയതും...അതിലേറെകഷ്ട്ടപ്പെട്ടു ദിവസവും തുപ്പലുതൊട്ടെണ്ണിവച്ചിരുന്നതുമായ കാശാ....അതിനും മറുപടി... സജിമോന്‍ ഒരുവാക്കുപറഞ്ഞാല്‍ പറഞ്ഞതാ ...എന്ന പഴയപല്ലവി തന്നെയായിരുന്നു.

സജിമോന്‍ വാക്കുപാലിച്ചു അതിന്റെ ആദ്യപടിയായി ഒരു ഗ്യാസ്‌ കണക്ഷന്‍ ട്രാന്‍സ്ഫര്‍ വൗച്ചര്‍ എന്റെ കൈയില്‍ കൊണ്ടുവന്നുതന്നു. ഉത്തര്‍പ്രദേശിലെ ഏതോ ഒരു കുഗ്രാമത്തില്‍നിന്നാണു സംഗതിയുടെ വരവ്‌. അവസാനം എനിക്കും ഗ്യാസ്‌ കണക്ഷന്‍ കിട്ടാന്‍ പോകുന്നു...ധാരാളം തട്ടുകളുള്ള ടിഫിന്‍ കാരിയറില്‍ ലഞ്ചും തൂക്കിപ്പിടിച്ചു പടികള്‍ കയറിവരുന്നതോര്‍ത്തു ഞാന്‍ ആയാസപ്പെട്ടുചിരിച്ചു.

ശരിയാ സജിമോന്‍ ഒരുവാക്കുപറഞ്ഞാല്‍ അതുപറഞ്ഞതുതന്നെ.അന്നുതന്നെ സജിമോനു ഗംഭീര പാര്‍ട്ടി കൊടുത്തു. തന്തൂരിചിക്കനും ചപ്പാത്തിയും തട്ടാന്‍ മനുവും കൂടെ കൂടി..കൈയിലെ കാശു തികയാതതിനാല്‍ ബയോടെക്‌ ഇന്‍ഡസ്റ്ററി ഗൈഡ്‌ ഒരെണ്ണം എടുത്തുവിറ്റിട്ടാണു ബില്ല് പേചെയ്തതു.

സജിമോന്റെ നി‍ദേശപ്പ്രകാരം ഗ്യാസ്‌ ഏജന്‍സിയില്‍ ഞാന്‍ ട്രാന്‍സ്ഫര്‍ വൗചറും ഒരു അപേക്ഷയും പിറ്റേന്നുതന്നെ കൊടുത്തു. അവര്‍പറഞ്ഞു ഒരുമാസം കഴിഞ്ഞുവാ ശരിയാക്കിത്തരാം. ഏതായാലും കാര്യങ്ങള്‍ വിചാരിച്ചവഴിക്കുതന്നെ നീങ്ങുന്നു എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷംതോന്നി.അല്‍പ്പം അഹങ്കാരത്തോടെയാണു അന്നു ഞാന്‍ ഓഫീസില്‍ വന്നത്‌.

സജിമോനെക്കണ്ടു ഒരു റ്റാന്‍സുകൂടിപ്പറയാം എന്നോര്‍ത്തുകൊണ്ട്‌ അവന്റെ സീറ്റിലേക്കുചെന്നപ്പൊളാണറിയുന്നതു സജിമോന്‍ അന്നു ലീവിലാണു. കുറെ കഴിഞ്ഞപ്പോല്‍ വെളിയിലെവിടെനിന്നോ വളരെ പതിഞ്ഞ ശബ്ദത്തില്‍ സജിമോന്‍ എനിക്കു ഫോണ്‍ ചെയ്തു ചോദിച്ചു.."സുന്ദരാ...നീ ഞാനിന്നലെത്തന്ന പേപ്പര്‍ ഏജെന്‍സിക്കു കൊടുത്തോ?"
..."അതു എപ്പം കൊടുത്തെന്നുചോദിച്ചാല്‍ മതിയല്ലൊ..ഇന്നവര്‍ ഓഫീസുതുറന്നതുതന്നെ എന്നെപിടിച്ചുമാറ്റിയിട്ടണു". ഞാന്‍ മറുപടി പറഞ്ഞു.
എന്നാല്‍ ഇനി ആവഴിക്കു പോകണ്ട...അതു ശരിയാകില്ല...കാണ്‍പൂരുള്ള നമ്മുടെ ഏജന്റിനെ പോലീസുപൊക്കി...

പിന്നെ എനിക്കൊന്നും വ്യക്തമായില്ല...ഒരുകാര്യമൊഴിച്ച്‌ സജിമോന്‍ ഒരു വാക്കുപറഞ്ഞാല്‍ പറഞ്ഞതാണെന്നു പറഞ്ഞതുപോലെ, .....എന്റെ 2000 രൂപ പോയതണെന്നുപറഞ്ഞാല്‍ പോയതുതന്നെ.

4 comments:

G.manu said...

എടാ സുന്ദരാ (ട്ടേ...ഒരടി ഇതു നിനക്കു സുന്ദരന്‍ എന്നു പേരിട്ടവനു) ..ഇതു കലക്കി..പിന്നെ പ്രൊഫൈലിലൂടെ കണ്ണോടിച്ചപ്പൊള്‍ ഒരു ചിന്ന ഡൌട്ട്‌.. "ഇന്നലെ" എന്ന സിനിമയില്‍ ജഗതി പറഞ്ഞപോലെ..."ഇന്ത മീശ.... എവിടെയൊ കണ്ടിറിക്ക്‌...) ശ്രീനിവാസപുരിയിലെ നായരുടെ കടയില്‍ ഉച്ചക്കുള്ള കസ്റ്റമേഴ്സിണ്റ്റെ എണ്ണം പോലും ഇല്ലാതിരുന്ന നിണ്റ്റെ തൊണ്ണൂറുകളിലെ മേല്‍മീശ ഇങ്ങനെ???. നേരു ശൊല്ല്..ഇതു തിരുപ്പതിയിലെ ഏതൊ തമിഴണ്റ്റെ അല്ലെ..ഐ മീന്‍ എക്സ്പോര്‍ട്ടഡ്‌ റ്റു ഇറ്റാലിയന്‍ വിഗ്‌ മാഫിയ.. ?

അരീക്കോടന്‍ said...

ഗ്യാസ്‌ കണക്ഷന്‍ ഒപ്പിക്കാന്‍ പെടാപാടു പെടുന്ന ഞാന്‍ സജിമോനെ കാണാനിരിക്കയായിരുന്നു....അപ്പോളേക്കും പോലീസ്‌ പൊക്കിയല്ലേ....ഇനി വേറെ ആളെ നോക്കാം..

ഇസാദ്‌ said...

ഹ ഹ ഹ. നന്നായി.

നവരുചിയന്‍ said...

അങ്ങനെ ഒരു രണ്ടായിരം രൂപേടെ ഗ്യാസു പോയി

:)