Thursday, 25 January, 2007

റെഡ്‌ അലര്‍ട്ട്‌

ചെമപ്പു നിറം കണ്ടാല്‍ കാളകള്‍ക്കു കലിയിളകും എന്നത്‌ എനിക്കത്ര വിസ്വാസം ഇല്ലാത്ത സംഗതി ആയിരുന്നു....എന്നാല്‍ എന്റെ കണ്‍മുന്‍ബില്‍ വച്ചു തൊമ്മന്‍ചേട്ടനെ സായിപ്പുകുട്ടന്‍ എന്ന ഞങ്ങളുടെ കാള കുത്തി പുളിമരതില്‍ കയറ്റിയ അന്നു ഞാന്‍ എന്റെ വിസ്വാസം തിരുത്തിയെഴുതി.

അമ്മയുടെ അകന്ന ബെന്തത്തില്‍പ്പെട്ട തൊമ്മന്‍ചേട്ടന്‍ വല്ലപ്പൊളും വീട്ടില്‍ വരുമ്പോള്‍ കുട്ടികള്‍ക്കു ഉത്സവമാണു. എപ്പോള്‍ വന്നാലും നാക്കില്‍ കളറുപിടിക്കുന്ന ഒരുതരം മിഡായി കൊണ്ടുവരും...അതൊക്കെ തിന്നിട്ടു ഞങ്ങള്‍ കുട്ടികള്‍ വിവിധ തരം നിറങ്ങള്‍പിടിച്ച നാക്ക്‌ കണ്ണാടിയില്‍ നോക്കി രസിക്കാറുണ്ടായിരുന്നു. ഇതിലെല്ലാം ഉപരിയായി തൊമ്മന്‍ചേട്ടന്റെ കോമഡി നബറുകള്‍...അന്നേക്കാലത്തു ഇന്നത്തേപ്പോലെ ടെലിവിഷണോ, മിമിക്രി ട്രൂപ്പോ ഒന്നും ഇല്ലല്ലൊ. ഒരുപള്ളിപ്പെരുന്നാളിനോ, ഉത്സവത്തിനോ പോകാതെതന്നെ ഫുള്‍ടൈം എന്റര്‍ടെയിംമന്റ്‌ നമ്മുടെ വീട്ടില്‍ 24 മണിക്കൂറും വല്യ ചെലവില്ലതെ കിട്ടുന്നു എന്നതാണു തൊമ്മന്‍ചേട്ടനെ മറ്റുള്ളവരില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം.

"പാത്തുമ്മ താത്താന്റെ ശെയിത്താനെ ത്തുള്ളിച്ച മൈമുണ്ണി മൊയ്‌ല്യാരേ..
അഴകുള്ള കൈകൊണ്ടാ തലമുടീമ്മെ പിടിച്ചപ്പോ ഇളകീലോ ശെയിത്താനും...."
എന്ന കവിത ഞങ്ങളെ ആദ്യമായിപാടിക്കേപ്പിച്ചതു ഈ ചേട്ടനായിരുന്നു. പിന്നെ ഒരുപാടുപാരടികളും..അന്നു വി.ഡി രാജപ്പന്‍ പോലും പാരടി പാടിത്തുടങ്ങാത്ത കാലമാണെന്നതും ഓര്‍ക്കണം.

അക്കാലത്തു ഞങ്ങലുടെ വീട്ടില്‍ ധാരാളം പശുക്കളും ഒരു കാളയുമുടായിരുന്നു. തൂ വെള്ള നിറത്തിലുള്ള കാളക്കുട്ടനെ സായിപ്പുകുട്ടന്‍ എന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത്‌. ആളുകാളയാണെങ്കിലും ഒരു സാധാ പശുവിനേക്കാളും പാവമായിരുന്നു..മര്യാദകാളന്‍ എന്നവനേവിളിച്ചാലും അതികപ്പറ്റാവുകയില്ല. കാരണം അവന്‍ ആരേയും കുത്തില്ല, അരമുള്ള നാക്കിനാല്‍ നക്കി നോവിക്കില്ല വേലിചാടില്ല കൃഷിതിന്നുനശിപ്പിക്കില്ല അങ്ങിനെപറയാനാണെങ്കില്‍ ഒത്തിരി ‍ ഉണ്ടുപറയാന്‍.

പശുക്കയും കാളയേയും വെറുതെയങ്ങുകേറി മേയാന്‍ വിടാന്‍ പറ്റിയ സ്ഥലമൊന്നും ഞങ്ങളുടെ ഏരിയായില്‍ ഇല്ലായിരുന്നു. വെറുതെ ഒരു കുറ്റിയടിച്ചു പഞ്ചായത്തുവക റോട്ടില്‍ കെട്ടിയിട്ടുള്ള ഫീടിങ്ങായിരുന്നു നടത്തിയിരുന്നത്‌.

തൊമ്മന്‍ചേട്ടന്‍ വീട്ടിലുള്ളപ്പോള്‍ സാധാരണയായി പശുവിന്റേം കാളേടേം കാര്യങ്ങള്‍ തന്നെത്താന്‍ നോക്കി നടത്തിയിരുന്നു. അന്നും പതിവുപോലെ സായിപ്പുകുട്ടനെയും കൊണ്ട്‌ വഴിയില്‍ കുറ്റിയടിച്ചു കെട്ടാന്‍ പോയപ്പോള്‍ .....ഓ നേരമ്പോയ്‌ ....നേരമ്പോയ്‌ ....നടകാളേ വേഗം....എന്ന പാട്ടൊക്കെ പാടിയാണു പോയത്‌. കൂടെ ഞാനും ...തൊമ്മന്‍ചേട്ടന്‍ വന്നാപ്പിന്നെ ഒരുസ്ഥലത്തൊഴികെ ബാക്കിയെല്ലയിടത്തും ഞാന്‍ കൂടെ ഉണ്ടാവും.

വഴിയില്‍ ധാരാളം പുല്ലുള്ള ഭാഗം നോക്കി കാളയുടെ മുമ്പില്‍ മുണ്ടുപൊക്കി മടക്കിക്കുത്തി കുനിഞ്ഞുനിന്നു ഒരു കുറ്റിയടിക്കുകയായിരുന്നു തൊമ്മന്‍ചേട്ടന്‍...
നല്ല ചെമപ്പു നിറമുള്ള ആയിടെ തുന്നിച്ച സ്റ്റയിലന്‍ അടിവസ്ത്രം ഏകദേശം മുക്കാല്‍ ഭാഗവും വെളിയിലായിരുന്നു....
"പണിക്കാരുടെ വെളിയിലും കിടക്കും".... എന്ന യൂണിവേര്‍സല്‍ ട്രൂത്ത്‌ ഈചേട്ടന്‍ പറഞ്ഞണു ഞാന്‍ കേട്ടിട്ടുള്ളത്‌ ...പക്ഷേ അതു കാളക്കറിയില്ലായിരുന്നു എന്നത്‌ അവന്റെ അടുത്ത നടപടിയില്‍ വ്യ്‌ക്തമായി..

അവന്‍ തന്റെ മനോഹരമായ കൊംബുകള്‍ തൊമ്മന്‍ചേട്ടന്റെ കാലുകള്‍ക്കിടയില്‍ കടത്തി ഒരു പൊക്കുപൊക്കി..അടുത്ത നിമിഷത്തില്‍ തന്നെ തൊമ്മന്‍ചേട്ടന്‍ സമീപത്തുണ്ടായിരുന്ന ഒരു വാളന്‍പുളിമരത്തിന്റെ കൊംബില്‍ വാവലുതൂങ്ങിക്കിടക്കുന്നതുപോലെ തൂങ്ങിക്കിടക്കുന്നു.

അനുഭവത്തിന്റെ യൂണിവേര്‍സിറ്റിയില്‍നിന്നും ഡിപ്ലോമയോടെ അന്നു ഞങ്ങള്‍ രണ്ടാളും ഒരു കാര്യം പഠിച്ചു... "കന്നിനേ അടിവസ്ത്രം കാട്ടരുത്‌..പ്രത്യേകിച്ചും റെഡ്‌ കളര്‍".

1 comment:

നവരുചിയന്‍ said...

ദൈവമെ ..ഇതു വരെ ഇത്ര കിടിലം അയ ഒരു പോസ്റ്റിനെ പറ്റി ആരും ഒന്നും പറഞ്ഞില്ലെ ???? സുന്ദരാ..... ഇതു കിടിലം ...ഞാന്‍ ആദ്യം മൊതല്‍ വായിച്ചു വരുവാണ്